രോഗികൾക്ക് 'സ്‌മാർട്ടാ'കാൻ വിമുഖത,​​ ക്യൂവിന് അയവില്ല

Tuesday 17 February 2026 8:58 AM IST

ആലപ്പുഴ: ഹരിപ്പാട് സ്വദേശിനിയായ 79കാരി പ്രഭാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഒ.പിയിൽ മകൾ പ്രിയക്കൊപ്പം എത്തിയത് പുലർച്ചെ 5.30ന്. അപ്പോഴേക്കും നൂറോളം പേർ നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു.ഒ.പി ടിക്കറ്റിനായുള്ള ക്യൂ ഒഴിവാക്കാനാണ് പ്രഭാവതിയെ പോലെ നൂറുകണക്കിനാളുകൾ ഉറക്കവും

കളഞ്ഞ് നേരം വെളുക്കും മുമ്പ് ഇവിടെ എത്തിയതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യവകുപ്പ് എത്രതന്നെ അറിയിപ്പുകൾ നൽകിയിട്ടും പ്രചരണം നടത്തിയിട്ടും ഒ.പി കൗണ്ടറിലെ ക്യൂ എന്ന ശാപത്തിൽ നിന്ന് മോചിതരാകാൻ പൊതുജനം മടിക്കുകയാണെന്നതിന്റെ ഉദാഹരണമാണ് പ്രഭാവതി.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഒ.പി സേവനങ്ങൾക്ക് വേണ്ടി പുലർച്ചെ നാല് മണി മുതൽ വരി നിൽക്കുന്നവരുടെ കാഴ്ച താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെ നീളുന്നതാണ്. ഓൺലൈൻ ഒ.പി ടിക്കറ്റ് സേവനം പ്രയോജനപ്പെടുത്തി വരി നിൽക്കാതെ രക്ഷപ്പെടുന്ന രോഗികൾ വളരെ കുറവാണ്.

ദിവസം, സമയം, ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടത് എന്നിവ മുൻകൂർ ബുക്ക് ചെയ്യാനും കൃത്യമായി സേവനം നേടാനും ഇ ഹെൽത്ത് മുഖേന സംവിധാനം സജ്ജമായിട്ട് വർഷങ്ങൾ കഴിഞ്ഞു.

എന്നിട്ടും പൊതുജനങ്ങളിലെ അജ്ഞത മാറുന്നില്ല.

60 കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ്

# 2023 ഒക്ടോബർ മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയടക്കം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്

# കഴിഞ്ഞ രണ്ടര വ‌‌ർഷത്തിനിടെ ഒരു കോടി പതിനെട്ടരലക്ഷം രോഗികളാണ് ജില്ലയിൽ വിവിധ ആശുപത്രികളിൽ ഒ.പികളിലെത്തിയത്. ഇതിൽ ഓൺലൈൻ ബുക്കിംഗ് നേടിയത് 19324 പേർ മാത്രമാണ്

# ഇ- ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഡോക്ടറുടെ അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി എടുക്കാം. ചികിത്സാ വിവരങ്ങൾ ഇതിൽ സൂക്ഷിക്കപ്പെടുന്നതിനാൽ തുടർചികിത്സ ഉറപ്പാക്കാനും സാധിക്കും

രജിസ്റ്റർ ചെയ്യാം

ഈസിയായി !

# https://ehealth.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ നമ്പർ സമർപ്പിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ഒ.ടി.പി വരും

# ഇത് സമർപ്പിച്ചാൽ 16 അക്ക യുണീക്ക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും.ഈ നമ്പർ ഇ- ഹെൽത്ത് സേവനങ്ങൾക്കായി ഉപയോഗിക്കാം

# ബുക്ക് ചെയ്യുന്ന ഒ.പി ടിക്കറ്റ് എസ്.എം.എസ് സന്ദേശമായും ആവശ്യമെങ്കിൽ പ്രിന്റായും എടുക്കാം

# ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.ജില്ലയിലെ ഓൺലൈൻ അപ്പോയ്ന്റ്‌മെന്റ് സൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്

ഒ.പി സേവനം

(ഈവർഷം ഇതുവരെ)​

രോഗികൾ: 540972

ഓൺലൈൻ : 3298