വാവുബലിയിട്ട് ആയിരങ്ങൾ
തൃശൂർ: ശിവരാത്രി പുണ്യം നുകർന്ന് ആയിരങ്ങൾ വാവുബലിയിട്ടു. ഇന്നലെ പുലർച്ചെ മുതൽ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വാവുബലി തർപ്പണത്തിന് നൂറുക്കണക്കിന് പേർ എത്തി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാവുബലി തർപ്പണത്തിന് നൂറുക്കണക്കിന് പേരെത്തി. ചേർപ്പ് ആറാട്ടുപുഴ മന്ദാരംകടവിൽ ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച ബലിതർപ്പണം ഉച്ചവരെ തുടർന്നു. ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണം. പൊങ്ങണംകാട് ബാലമുരുക ക്ഷേത്രം, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, പഞ്ചവടി, വലപ്പാട് ബ്രഹ്മതേജോന്മയ ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ ബലതർപ്പണം നടത്തി.