മതിയായ മെഡിക്കൽ വിദഗ്ദ്ധരില്ല : വിദേശ മെഡിക്കൽ ബിരുദധാരികളോട് മുഖം കറുപ്പിച്ച് മെഡിക്കൽ കൗൺസിൽ
തൃശൂർ: ആരോഗ്യസേവനത്തിന് മെഡിക്കൽ വിദഗ്ദ്ധരുടെ കുറവുള്ളപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ ബിരുദം കഴിഞ്ഞെത്തുന്നവരോട് നാഷണൽ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്നത് ചിറ്റമ്മ നയം. വിദേശ രാജ്യങ്ങളിലെ ആറ് വർഷ ബിരുദം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്ത് നാഷണൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ടെസ്റ്റ് ഉൾപ്പെടെ പാസായാലേ പ്രാക്ടീസ് അനുവദിക്കൂ. മെഡിക്കൽ കൗൺസിലിന്റെ കർശന നിർദ്ദേശം പാലിച്ചാണ് സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ പല സർവകലാശാലയേക്കാൾ നിലവാരമുള്ള വിദേശസർവകലാശാലകളിൽ പഠിക്കാൻ പോകുന്നത്. അപ്പോഴാണ് പ്രത്യേക പരീക്ഷ ഉൾപ്പെടെയുള്ള കർശന മാനദണ്ഡങ്ങൾ.
ഇതോടൊപ്പം കാലങ്ങളായി ഈ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും മെഡിക്കൽ കൗൺസിൽ പരിഗണിക്കാറില്ല. നീറ്റ് പി.ജി എൻട്രൻസ് ടെസ്റ്റിനേക്കാൾ വിഷമം പിടിച്ച ചോദ്യപേപ്പറാണ് ഈ പരീക്ഷയുടേതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരമാവധി 20ശതമാനം പേരേ ജയിക്കുന്നുമുള്ളൂ. എന്നിട്ടും ഉത്തരസൂചിക ഉൾപ്പെടെ പ്രസിദ്ധീകരിച്ച് സുതാര്യമായി നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാകുന്നില്ല. വർഷത്തിൽ രണ്ട് തവണയാണ് പരീക്ഷ നടത്തുന്നത്. പാസായാലും പലപ്പോഴും ഹൗസ് സർജൻസി ചെയ്യാനായും വിദ്യാർത്ഥികൾ രണ്ട് വർഷം വരെ കാത്തിരിക്കണം. അതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലേക്ക് ഹൗസ് സർജൻസിക്കായി ചേക്കേറുകയാണ്. വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നവരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ അനീതിക്കെതിരെ അധികൃതർക്ക് നിവേദനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിവരികയാണ്.
സ്റ്റൈപ്പന്റ് തരാതെയും അനീതി
എഫ്.എം.ജി പരീക്ഷ വിജയിച്ച് സംസ്ഥാനത്ത് ഹൗസ് സർജൻസി ചെയ്യുന്നവർക്ക് സ്റ്റൈപ്പന്റ് നൽകാറില്ല. രാജ്യത്തെ മറ്റ് 17ൽ ഏറെ സംസ്ഥാനങ്ങളിൽ സ്റ്റെപ്പന്റുണ്ട്. ഇതിനെതിരെ എതാനും വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.