ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി : തകർത്ത കാറിൽ മയക്കുമരുന്ന്, 12 പേർ അറസ്റ്റിൽ

Tuesday 17 February 2026 2:40 AM IST

ചേർപ്പ് : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സ്‌ഫോടക വസ്തു എറിഞ്ഞ് രണ്ടാൾക്ക് പരിക്കേൽക്കുകയും കാർ വെട്ടിപ്പൊളിക്കുകയും ചെയ്ത കേസിൽ 12 പേരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കേസിൽ വല്ലച്ചിറ പെരിഞ്ചേരി അവിലിശ്ശേരി വീട്ടിൽ ശരത് (24), കൈപെങ്ങൽ വീട്ടിൽ കാളിദാസൻ (19), അവിലിശ്ശേരി വീട്ടിൽ അഭിഷേക് (21), വെളയാട്ടിൽ വീട്ടിൽ സൂരജ് (20), വല്ലച്ചിറ ചെറുശ്ശേരി വടക്കൂട്ട് വീട്ടിൽ അജിത് (20), പൊട്ടനാട്ട് വീട്ടിൽ സുമിത്ത് (23), അവിണിശ്ശേരി പോട്ടയിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു.

കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസിൽ കണിമംഗലം പനമുക്ക് അറക്കപ്പാടൻ വീട്ടിൽ ജെസ്വിൻ (23), പനേങ്ങാടൻ വീട്ടിൽ അലൻ (23), കൊട്ടേക്കാട് വീട്ടിൽ അഖിൽ (28), ആളോത്ത് വീട്ടിൽ വൈശാഖ് (29), കണിമംഗലം വലിയാലുക്കൽ മഠത്തിപറമ്പിൽ വീട്ടിൽ ഹനീഷ് (30) എന്നിവരും അറസ്റ്റിലായി.

ഞായർ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. തർക്കം തീർക്കാനെന്ന പേരിൽ പുഞ്ചിരിപ്പാടം എന്ന സ്ഥലത്തേക്ക് ജെസ്വിനെയും സംഘത്തെയും വിളിച്ചു വരുത്തി എതിരാളികൾ സ്‌ഫോടക വസ്തു എറിയുകയും ആയുധങ്ങൾ ഉപയോഗിച്ച് ഇന്നോവ കാർ വെട്ടിപ്പൊളിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് അതിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെല്ലാം നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ്. ചേർപ്പ് എസ്.എച്ച്.ഒ എം.എസ്.ഷാജൻ, എസ്.ഐ കെ.എസ്.സുബിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.