ഗുരുവായൂർ ദർശനത്തിന് വന്ന കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് പൊട്ടിച്ച പ്രതി പിടിയിൽ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് വന്ന കുഞ്ഞിന്റെ കാലിലെ സ്വർണ്ണക്കൊലുസ് പൊട്ടിച്ചെടുത്ത പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി തൈക്കാട്ടിൽ വിജയനെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം 14 ന് ഉച്ചയ്ക്ക് ക്ഷേത്രത്തിനകത്തെ കൊടിമരത്തിന് സമീപമായിരുന്നു മോഷണം. ഒരുമനയൂർ സ്വദേശിയായ മങ്ങന്തറ വീട്ടിൽ ബിഷാജിയുടെ നാല് വയസുള്ള മകൾ ഇഷാൻവിയുടെ ഇടതുകാലിലെ ആറ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കൊലുസാണ് പൊട്ടിച്ചത്. തിരക്കുള്ള ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി നിരന്തരം നിരീക്ഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്. എസ്.ഐ ബാബുരാജൻ, സീനിയർ സി.പി.ഒമാരായ ഡി.അരുൺ, എൻ.പി.സാജൻ, സി.പി.ഒമാരായ സുജീഷ്, പ്രിയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രദർശനത്തിന് വരുന്നവർ ചെറിയ കുഞ്ഞുങ്ങളെ ധരിപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെന്ന് ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ജി.അജയകുമാർ അറിയിച്ചു.