'വ്യവസായം' പദം വ്യാഖ്യാനിക്കാൻ 9 അംഗ ബെഞ്ച്
ന്യൂഡൽഹി: 1947ലെ വ്യാവസായിക തർക്കനിയമം, 2020ലെ വ്യാവസായിക ബന്ധ കോഡ് എന്നിവയിലെ 'വ്യവസായം' എന്ന പദം വ്യാഖ്യാനിക്കാൻ 9 അംഗ ബെഞ്ച് ഒരുങ്ങുന്നു. മാർച്ച് 17,18 തീയതികളിൽ വിശാലബെഞ്ച് വാദംകേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. ഏതു സ്വഭാവത്തിലുള്ള സ്ഥാപനങ്ങളാണ് വ്യവസായത്തിന്റെ പരിധിയിൽ വരികയെന്നും, അതുവഴി തൊഴിൽ നിയമങ്ങൾക്ക് വിധേയമെന്നും വിശാലബെഞ്ച് വ്യക്തത വരുത്തും. ഫെബ്രുവരി 28നകം കക്ഷികൾ രേഖാമൂലം അവരുടെ വാദമുഖങ്ങൾ കൈമാറണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ എന്നിവയിലെ അടക്കം ജീവനക്കാർക്ക് യൂണിയൻ പ്രവർത്തനം തുടങ്ങിയവ കഴിയുമെന്ന് 1975ൽ ഏഴംഗബെഞ്ച് വിധിച്ചിരുന്നു. ബെംഗളൂരു വാട്ടർ സപ്ലൈ കേസിലെ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യരും അംഗമായിരുന്നു. പുതിയ വ്യാവസായിക കോഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും ഉടമകളുടെയും സാമൂഹ്യക്ഷേമപദ്ധതികൾ വ്യാവസായിക പ്രവർത്തനങ്ങളായി കണക്കാക്കേണ്ടതുണ്ടോ, ഏതെല്ലാം പ്രവർത്തനങ്ങളെയാണ് വ്യാവസായിക പ്രവർത്തനങ്ങളായി കാണേണ്ടത് തുടങ്ങിയവയും വിശാലബെഞ്ച് നിശ്ചയിക്കും.