ഗിഗ് തൊഴിലാളി ദുരിതമറിയാൻ അവർക്കൊപ്പം ബൈക്കിൽ കെ.സി
തിരുവനന്തപുരം: പാളയം സംസം ഹോട്ടലിൽ സ്വിഗി തൊഴിലാളിക്കൊപ്പം ബൈക്കിൽ വന്ന് ഓർഡർ എടുത്ത് കെ.സി വേണുഗോപാൽ എംപി. വൈ.എം.സി.എ ഹാളിൽ ഗിഗ് തൊഴിലാളികൾക്കൊപ്പം അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് അതിലൊരാളുടെ ഫോണിൽ ഓർഡർ വന്നത്. ഒപ്പം സഞ്ചരിച്ച് തങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സ്വിഗി തൊഴിലാളി വേണുഗോപാലിനെ ക്ഷണിക്കുകയായിരുന്നു.
യൂബർ, ഓല, സ്വിഗി,ഇൻസ്റ്റാ മാർട്ട്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ടു കണ്ട് അവർ അനുഭവിക്കുന്ന ചൂഷണങ്ങളും അവരുടെ പേയ്‌മെന്റ് മാതൃകകളും കൃത്യതയില്ലാത്ത ജോലി സമയവും തൊഴിൽനിബന്ധനകളും ജീവിതച്ചെലവും ജീവിത പ്രാരാബ്ധവും ചോദിച്ചറിഞ്ഞു.
തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങളോ ആനുകൂല്യങ്ങളോ സുരക്ഷയോ ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു.
പല റെസ്റ്റോറന്റുകളും ടോയ്ലറ്റ് ഉപയോഗിക്കാൻ പോലും അനുവദിക്കാറില്ല.
കർണാടകയിൽ നടപ്പിലാക്കിയ ഗിഗ് തൊഴിലാളി ക്ഷേമ നിയമ മാതൃക കേരളത്തിലും നടപ്പാക്കാൻ ഇടപെടുമെന്ന് വേണുഗോപാൽ ഉറപ്പു നൽകി.കർണാടകയിൽ ചെയ്തപോലെ ഗിഗ് തൊഴിലാളികളെ വെൽഫെയർ ബോർഡിന്റെ കീഴിൽ കൊണ്ടുവരുകയും നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു.