താമരശ്ശേരിയിൽ വിനോദ യാത്രാസംഘത്തിന് നേരേ ആക്രമണം

Tuesday 17 February 2026 2:46 AM IST

കോഴിക്കോട്: വിനോദയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച ടൂറിസ്‌ ബസിന് നേരേ അതിക്രമം നടത്തിയ നാലു പേർ അറസ്റ്റിൽ. കൈതപ്പൊയിൽ നെടുവള്ളി അജ്മൽ (26),കൈതപ്പൊയിൽ ആനോറമ്മൽ സ്വദേശികളായ ഷാജഹാൻ, ( 30) ആഷിഖ്, (29),കൈതപ്പൊയിൽ ഉളിയാടൻ കുന്ന് ആഷിഖ് (25) എന്നിവരെയാണ്‌ താമരശേരി പൊലീസ്‌ പിടി കൂടിയത്‌. ഞായറാഴ്‌ച രാത്രി 11 മണിയോടെ അടിവാരം ഒടുങ്ങാക്കാടിന് സമീപത്താണ് സംഭവം.

വിനോദയാത്രാ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് തടഞ്ഞു നിറുത്തിയാണ് സ്ത്രീകളടക്കമുള്ളവരെ യുവാക്കൾ ആക്രമിച്ചത്. ചേളന്നൂരിൽ നിന്നുള്ള 42 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. വയനാട്ടിൽ നിന്ന് ഉല്ലാസയാത്ര കഴി‌ഞ്ഞ് വരുകയായിരുന്നു ഇവർ. താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെ ഇവരുടെ ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസി. ഈ പ്രശ്‌നം ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും പറഞ്ഞു തീർത്തു. ഈ സമയം കാറിലെത്തിയ യുവാക്കൾ പ്രശ്‌നത്തിൽ ഇടപെട്ടതോടെ ബസ് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കമായി. യുവാക്കൾ ഡ്രൈവറെ ഭീഷണിപ്പെടുത്തി.ചുരം കഴിഞ്ഞ് അടിവാരത്തെത്തിയതോടെ യുവാക്കൾ ബസ് തടഞ്ഞു നിറുത്തുകയും ബസിനുള്ളിൽ അതിക്രമിച്ചു കയറി യാത്രക്കാരായ ചാലിയേടത്ത്‌ അശ്വനി, ചേളന്നൂർ കുമാരസ്വാമിയിൽ രഞ്ജിൻദേവ്‌, നിധീഷ്, രഞ്ജിത്ത്‌,രഞ്‌ജുൽദേവ്‌ എന്നിവരെ മർദ്ദിക്കുകയും അശ്വനിയുടെ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.