ചികിത്സാ ചെലവിൽ നിന്ന് കുടുംബങ്ങളെയും സംരക്ഷിക്കും:മന്ത്രി വീണ

Tuesday 17 February 2026 2:56 AM IST

തിരുവനന്തപുരം:ചികിത്സാ ചെലവിൽ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഇതിനായി സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.വിഷൻ 2031 അന്തർദേശീയ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2031 ഫോർ ഹെൽത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറച്ച് അഞ്ചിലെത്തിച്ചു.കേരള പബ്ലിക് ഹെൽത്ത് ആക്ട് നടപ്പിലാക്കി. ആരോഗ്യ പ്രവർത്തകർ വാർഷികാരോഗ്യ പരിശോധനയുടെ ഭാഗമായി വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടർ പരിചരണം ഉറപ്പാക്കി.ആരോഗ്യച്ചെലവിൽ കുടുംബങ്ങൾക്ക് വരുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ തുടരുകയാണ്.കേരളമാണ് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം.ക്യാൻസർ പ്രതിരോധത്തിനും മുൻകൂട്ടി കണ്ടെത്തുന്നതിനുമായി ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിൻ രാജ്യത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.2023-ലെ നിപാ ബാധയിൽ രേഖപ്പെടുത്തിയ കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.മന്ത്രി ജി.ആർ.അനിൽ സംസാരിച്ചു.