വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മനുഷ്യ അസ്ഥികൂടം: അന്വേഷണം ആരംഭിച്ചു

Tuesday 17 February 2026 2:28 AM IST

തൃശൂർ: ചിറമനേങ്ങാട് നെല്ലിക്കുന്നിൽ സിമന്റ് തേച്ച് ഉറപ്പിച്ച തറയ്ക്കടിയിൽ പായയിലും തുണിയിലും പൊതിഞ്ഞ നിലയിൽ മനുഷ്യ അസ്ഥികൂടം. വീടിന്റെ അറ്റകുറ്റപ്പണിക്കിടെ തറ പൊളിച്ചപ്പോഴാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. വീടിനുളളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

വർഷങ്ങൾക്ക് മുൻപ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തെയോ ഇതര സംസ്ഥാന തൊഴിലാളികളെയോ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ കുഴിച്ചുമൂടിയതാകാമെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ ഫോറൻസിക് വിഭാഗം എത്തി അസ്ഥികൂടം പരിശോധിച്ചു. ചിറമനേങ്ങാട് നെല്ലിക്കുന്ന് പള്ളിക്കുളം റോഡിലെ പാടശേഖരത്തിന് സമീപത്തെ ആൾതാമസമില്ലാത്ത ഓട് മേഞ്ഞ വീടിന് പിറകിലെ വർക്ക് ഏരിയയിലെ അടുപ്പ് നിന്നിരുന്ന തറയുടെ താഴെ ഭാഗത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അടുപ്പ് തറ പൊളിച്ചപ്പോൾ നിലത്ത് അല്പം താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് തലയോട്ടിയും അസ്ഥികളും. അസ്ഥികളോടൊപ്പം ഉണ്ടായിരുന്ന തുണികൾ സ്ത്രീയുടേതാണ്.

മൂന്ന് വർഷം മുമ്പാണ് ഈ വീട്ടിൽ ആൾതാമസമുണ്ടായിരുന്നത്. ആലപ്പുഴയിൽ നിന്നുള്ള സ്ത്രീകൾ അടക്കമുള്ള ഒരു കുടുംബവും പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നത്. വീടുമായി നാട്ടിലുള്ളവർക്ക് അടുപ്പമുണ്ടായിരുന്നില്ല. അടഞ്ഞുകിടന്നിരുന്ന വീട് പഴയ ഉടമസ്ഥന്റെ കൈയിൽ നിന്നും രണ്ടുവർഷം മുമ്പാണ് മറ്റൊരാൾ വാങ്ങിയത്. വീടിന്റെ അറ്റകുറ്റപ്പണി രണ്ടു ദിവസം മുമ്പാണ് ആരംഭിച്ചത്. കുന്നംകുളം എ.സി.പി: സി.ആർ. സന്തോഷ്, എരുമപ്പെട്ടി ഇൻസ്‌പെക്ടർ എസ്. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സയന്റിഫിക് ഓഫീസർ കെ.എസ്. ഷംന, അസിസ്റ്റന്റ് തോമസ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.