മാക്രോൺ ഇന്ത്യയിൽ, മോദിയുമായി ചർച്ച ഇന്ന് റാഫേൽ കരാർ പ്രധാനം
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ രാത്രി മുംബയിലെത്തി. ഇന്ന് മുംബയ് ലോക് ഭവനിൽ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം റാഫേൽ ഇടപാട് അടക്കം കരാറുകളിൽ ഒപ്പിടും. 19ന് ഡൽഹിയിൽ ഇന്ത്യാ എ.ഐ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
മുംബയിൽ ഇന്ന് വൈകിട്ട് 3.15ന് നടക്കുന്ന കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഇരു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ധാരണാപത്രങ്ങൾ കൈമാറുകയും സംയുക്ത പ്രസ്‌താവന നടത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരാറുകളിൽ വ്യോമസേനയ്ക്ക് 3.25ലക്ഷം കോടിയ്‌ക്ക് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാടാണ് പ്രധാനം. ഇന്ത്യൻ പ്രതിരോധ രംഗത്തെ ഏറ്റവും വലിയ യുദ്ധവിമാന കരാറാണിത്.
വൈകിട്ട് 5.20ന് മുംബയ് താജ്മഹൽ പാലസ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറം പരിപാടിയിൽ ഇരുവരും പങ്കെടുക്കും. ഇരു രാജ്യങ്ങളിലും ഇക്കൊല്ലം എല്ലാ ഇന്നോവേഷൻ പരിപാടികൾ നടത്തുന്നുണ്ട്. മുംബയിൽ വ്യവസായികളും സംരംഭകരും പങ്കെടുക്കുന്ന പരിപാടിയിലും നേതാക്കളുടെ സാന്നിദ്ധ്യമുണ്ടാകും.
നാളെ ഉച്ചയ്‌ക്ക് ഡൽഹിയിലെത്തുന്ന മാക്രോൺ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ഡൽഹി ഭാരത്‌മണ്ഡപത്തിൽ എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കും. 19ന് ഉച്ചകോടിയുടെ സമാപനത്തിന് ശേഷം ഫ്രാൻസിലേക്ക് മടക്കം. ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
ഹൊറൈസൺ 2047
റോഡ്മാപ്പിൽ
ഇന്ത്യ-ഫ്രാൻസ് 'ഹൊറൈസൺ 2047 റോഡ്മാപ്പിൽ' ഉൾപ്പെടുത്തിയിരിക്കുന്ന സഹകരണ വിഷയങ്ങൾ,ഇന്തോ-പസഫിക് സഹകരണം,പ്രാദേശിക, ആഗോള വിഷയങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് മാക്രോൺ നാലാം തവണയാണ് ഇന്ത്യയിലെത്തുന്നത്. ആദ്യ മുംബയ് സന്ദർശനവും. 2024 ജനുവരിയിലാണ് ഒടുവിൽ മാക്രോൺ ഇന്ത്യയിലെത്തിയത്. അക്കൊല്ലത്തെ റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്നു.