ഗാസയുടെ പുനർനിർമ്മാണം --- സമാധാന ബോർഡ് 500 കോടി ഡോളർ നൽകും: ട്രംപ്
വാഷിംഗ്ടൺ: ഗാസയുടെ പുനർനിർമ്മാണത്തിന് 'സമാധാന ബോർഡി"ലെ (ബോർഡ് ഒഫ് പീസ്) അംഗരാജ്യങ്ങൾ ഇതുവരെ 500 കോടി ഡോളറിലേറെ വാഗ്ദ്ധാനം ചെയ്തെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 20 രാജ്യങ്ങളാണ് നിലവിൽ സമാധാന ബോർഡിലെ അംഗങ്ങൾ. ഗാസയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര സമാധാന സേനയിലേക്ക് ആയിരക്കണക്കിന് സൈനികരെ ഈ രാജ്യങ്ങൾ വാഗ്ദ്ധാനം ചെയ്തെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ബോർഡിന്റെ ഔദ്യോഗിക യോഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ഹമാസിന്റെ നിരായുധീകരണവും ഇസ്രയേലിന്റെ സൈനിക പിന്മാറ്റവും അടക്കം ചർച്ച ചെയ്യും.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് ആവിഷ്‌കരിച്ച അന്താരാഷ്ട്ര സംഘടനയാണ് സമാധാന ബോർഡ്. യു.എന്നിന് ബദലായി ട്രംപ് ഉയർത്തിക്കാട്ടുന്ന ഈ സംഘടനയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യ, ചൈന അടക്കം രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല. ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ബോർഡിൽ ചേരില്ലെന്ന് അറിയിച്ചിട്ടുണ്ട്.