ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ നാവികാഭ്യാസം
ടെഹ്‌റാൻ: യു.എസിന്റെ ആക്രമണ ഭീഷണി നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിൽ നാവികാഭ്യാസം തുടങ്ങി ഇറാൻ. മേഖലയിലെ യു.എസ് നാവിക വ്യൂഹത്തിനുള്ള മറുപടിയായിട്ടാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേതൃത്വത്തിൽ നാവികാഭ്യാസം നടത്തിയത്. നാവികാഭ്യാസം എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
യു.എസിന്റെ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ നാവിക സന്നാഹം നിലവിൽ ഒമാന് സമീപം അറബിക്കടലിലുണ്ട്. മറ്റൊരു വിമാനവാഹിനിയായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മേഖലയിലേക്ക് പുറപ്പെട്ടിട്ടുമുണ്ട്.
അതേ സമയം, യു.എസുമായുള്ള പരോക്ഷ ആണവ ചർച്ചയുടെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയിലെത്തി. ഇന്നാണ് ചർച്ച. യു.എസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഉപരോധം നീക്കാമെങ്കിൽ തങ്ങളുടെ ആണവ പദ്ധതിയെ പരിമിതപ്പെടുത്താൻ തയ്യാറാണ്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്ന യു.എസിന്റെ ആവശ്യത്തെ അംഗീകരിക്കില്ലെന്നും അരാഗ്ചി വ്യക്തമാക്കി.