ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ, എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണം'; മോദിയെ കണ്ടതിൽ സന്തോഷമെന്ന് കാന്തപുരം

Tuesday 17 February 2026 10:08 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം സമുദായം യാതൊരുവിധ പ്രതിസന്ധിയും നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രസ്‌‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിൽ നിന്നും ഒരു സുന്നി വിഭാഗം നേതാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.

'പ്രധാനമന്ത്രിയെ കാണുകയും സംസാരിക്കുകയും ചെയ്തതിൽ ഏറെ സന്തോഷം. രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. എങ്കിലും സമുദായവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ആശങ്ക അറിയിക്കുകയും ചെയ്തു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങളിലുള്ള ആശങ്കയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളിലെ അവ്യക്തതകൾ ചർച്ചയായി. സമുദായത്തിന്റെ സുരക്ഷയും വിദ്യാഭ്യാസ പുരോഗതിയും കൂടിക്കാഴ്ചയിൽ വിഷയമായി.' കാന്തപുരം പറഞ്ഞു

കാന്തപുരവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. വിവിധ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ കാന്തപുരം നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം കുറിച്ചു.