മുസ്ലീം എംഎൽഎ ക്ഷേത്രത്തിലെത്തി; പിന്നാലെ ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചു
മുംബയ്: ശിവസേന എംഎൽഎയുടെ സന്ദർശനത്തിനു പിന്നാലെ ക്ഷേത്രപരിസരം ഗോമൂത്രം തളിച്ച് ശുദ്ധമാക്കിയത് വിവാദമായി. മഹാരാഷ്‌ട്രയിലെ ഛത്രപതി സാംബാജി നഗറിലുള്ള നാഗേശ്വർ ക്ഷേത്രത്തിലാണ് സംഭവം. മഹാശിവരാത്രിയോടനുബന്ധിച്ച് ശിവസേന എംഎൽഎ അബ്‌ദുൽ സത്താർ തന്റെ അനുയായികൾക്കൊപ്പം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു സംഘം യുവാക്കൾ ഗോമൂത്രം തളിച്ച് ശുദ്ധീകരണ യജ്ഞം നടത്തിയത്.
അബ്‌ദുൾ സത്താർ പതിവായി മാംസാഹാരം കഴിക്കാറുണ്ടെന്നും അങ്ങനെയൊരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ അവിടം അശുദ്ധമായെന്നുമാണ് യുവാക്കൾ ആരോപിച്ചത്. അബ്‌ദുൽ സത്താർ ഹിന്ദുമതം സ്വീകരിക്കാത്ത പക്ഷം ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലായിരുന്നെന്നാണ് ആത്മീയ സംഘടനാ നേതാവായ തുഷാർ ഭോസ്‌ലെ വാദിച്ചത്.
'നമ്മുടെ ക്ഷേത്രങ്ങൾ സ്മാരകങ്ങളല്ല. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന്, പ്രത്യേകിച്ച് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ചില മതപരമായ നിയമങ്ങളുണ്ട്. നിങ്ങൾക്ക് പ്രാർത്ഥന നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ആദ്യം ഹിന്ദുമതം സ്വീകരിക്കുക. തുടർന്ന് നമ്മുടെ ദേവതകളുടെ അനുഗ്രഹം തേടുക' - തുഷാർ ഭോസ്‌ലെ പറഞ്ഞു.
അതേസമയം, തുഷാർ ഭോസ്‌ലെയ്‌ക്കെതിരെ ശിവസേന നേതാവ് ദാൻവെ രംഗത്തെത്തി. ക്ഷേത്രമായാലും പള്ളിയായാലും അവ പൊതുസ്ഥലങ്ങളാണെന്നും നിബന്ധനകൾ നിർദ്ദേശിക്കാൻ തുഷാർ ഭോസ്‌ലെ ആരാണെന്നും ദാൻവെ ചോദിച്ചു. ഒരു മുസ്ലിം ക്ഷേത്രദർശനം നടത്തിയാൽ അതിനെ എതിർക്കുന്നതിനു പകരം സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിന്റെ വ്യാപ്തി ബിജെപി ചുരുക്കുന്നുവെന്ന് ആരോപിച്ച ദാൻവേ, ഹിന്ദുമതം വിശാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്നും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നിയന്ത്രിക്കരുതെന്നും ആവശ്യപ്പെട്ടു.