നിർമ്മിത ബുദ്ധി ഉച്ചകോടി
കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈദ്യുതിയുടേതായിരുന്നു. മനുഷ്യരാശിയുടെ ജീവിതരീതിയെത്തന്നെ ആ കണ്ടുപിടിത്തം അടിമുടി മാറ്റുകയും പുതിയ തലമുറയെ പഴയതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന അടയാളങ്ങളിലൊന്നായി മാറുകയും ചെയ്തു. വൈദ്യുതി ഷോക്കടിക്കാൻ ഇടയാക്കുമെന്നതിനാൽ അത് പ്രയോജനപ്പെടുത്തേണ്ടെന്ന് ആരും തീരുമാനിച്ചില്ല. ഏതൊരു പുതിയ കണ്ടുപിടിത്തത്തിനും ടെക്‌നോളജിക്കും നല്ല വശവും ദോഷവശവുമുണ്ട്. പ്രധാനമന്ത്രിക്ക് സംരക്ഷണ കവചമൊരുക്കാൻ തോക്കേന്തിയ ഭടൻ ആവശ്യമാണ്. അതേ തോക്കുതന്നെ ഉപയോഗിച്ച് ഭീകരർ നിരപരാധികളെ വെടിവച്ചുവീഴ്‌ത്തുകയും ചെയ്യുന്നു. ഇവിടെ തോക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് എന്തിന് ഉപയോഗിക്കുന്നു എന്ന മനുഷ്യന്റെ ബുദ്ധിയെയാണ് വിലയിരുത്തേണ്ടത്.
ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിപ്ളവം നടന്നിരിക്കുന്നത് എ.ഐ അഥവാ നിർമ്മിതബുദ്ധിയുടെ മേഖലയിലാണ്. നിർമ്മിതബുദ്ധിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചില കേന്ദ്രങ്ങൾ പ്രാധാന്യം നൽകുന്നത്. ഇതൊരു വലിയ കെണിയാണ്. ഒരുകാലത്ത് കമ്പ്യൂട്ടറുകളെ കുറ്റം പറഞ്ഞവർക്ക് ഇന്ന് അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന സാഹചര്യമാണുള്ളത്. അതുപോലെ തന്നെ എ.ഐ രീതികളെ അപ്പാടെ വർജ്ജിക്കണം എന്ന നിലപാടെടുക്കുന്ന രാജ്യങ്ങൾ വരുംകാലങ്ങളിൽ പിന്തള്ളപ്പെട്ടുപോകും എന്നതിൽ സംശയിക്കേണ്ടതില്ല. യന്ത്രങ്ങൾക്ക് സ്വന്തം നിലയിൽ ബുദ്ധിയുണ്ടാകില്ല എന്നാണ് ഇന്നലെ വരെ മനുഷ്യൻ വിചാരിച്ചിരുന്നത്. ആ ചിന്ത തെറ്റാണെന്നും ശസ്‌ത്രക്രിയ ഉൾപ്പെടെ മനുഷ്യനെക്കാൾ സൂക്ഷ്‌മമായി ചെയ്യാൻ എ.ഐ വിദ്യയിലൂടെ കഴിയുമെന്നും ഇന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
മാനവരാശിയുടെ ദോഷത്തിനും ഇത് ഉപയോഗിക്കാമെന്ന ഒരു വശം കൂടി തീർച്ചയായും ഇതിനുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഇതിനെ തള്ളിക്കളയുന്നത്, ഷോക്കടിക്കുമെന്ന ഭീതിയിൽ വൈദ്യുതിയെ തള്ളിക്കളയുന്നതിന് തുല്യമാകും. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യ വേദിയൊരുക്കുന്ന നിർമ്മിതബുദ്ധി ഉച്ചകോടിയെ വിലയിരുത്താൻ. എ.ഐ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും ചർച്ചചെയ്യാൻ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായിരിക്കുകയാണ്. ഉച്ചകോടിയുടെ ഭാഗമായ പ്രദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രധാന സെഷനുകൾ നടക്കുന്നത് 19, 20 തീയതികളിലാണ്. കേരളത്തിൽ നിന്ന് തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക് തുടങ്ങിയവയിൽ നിന്നുള്ള കമ്പനി മേധാവികളും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
24 രാജ്യത്തലവന്മാരും വിദേശത്തു നിന്നുള്ള, എ.ഐ വകുപ്പ് കൈകാര്യം ചെയ്യുന്ന 60 മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നത് ഇതിന്റെ പ്രാധാന്യം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ഒന്നാണ്. എ.ഐയെക്കുറിച്ച് ചർച്ചചെയ്യാൻ ലോകം ഒന്നിക്കുകയാണെന്നാണ് മോദി എക്‌സിൽ കുറിച്ചിരിക്കുന്നത്. നവീനാശയങ്ങൾ, സഹകരണം, എ.ഐയുടെ ഉത്തരവാദിത്വപരമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദങ്ങളാകും ഉച്ചകോടിയിൽ നടക്കുക. യു.കെയിലും ദക്ഷിണ കൊറിയയിലും ഫ്രാൻസിലും ഇതിനു മുൻപ് എ.ഐ ഉച്ചകോടി നടന്നിട്ടുണ്ടെങ്കിലും ഒരു വികസ്വര രാജ്യത്ത് ആദ്യമായാണ് ഇത്തരം കൂടിച്ചേരൽ നടക്കുന്നത്. എ.ഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടം എന്ന നിലയിൽ ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയെ ലോകം അതീവ താത്‌പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. അറുന്നൂറ് സ്റ്റാർട്ടപ്പുകൾ അണിനിരക്കുന്നതും രണ്ടര ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതുമായ പരിപാടിയിൽ അഞ്ഞൂറിലേറെ സെഷനുകളും മൂവായിരത്തിലേറെ പ്രസംഗകരുമുണ്ടാകും. ഇന്ത്യയുടെ വികസന കുതിപ്പിൽ നിർണായക നാഴികക്കല്ലായി എ.ഐ ഉച്ചകോടി മാറുമെന്ന് പ്രതീക്ഷിക്കാം.