ആനക്കൊമ്പുകൾ കത്തിക്കരുത്

Wednesday 18 February 2026 12:13 AM IST

മനുഷ്യനിർമ്മിതമായ ഒരു നിയമവും ശാശ്വതമല്ല. ഇന്നലെ വരെ നിയമവിരുദ്ധമായിരുന്നത് ഇന്ന് നിയമവിധേയമായും മാറാം. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകാനാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ചില നിയമങ്ങൾ അതിന് വിഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ അത് തിരുത്തുന്നതോ ഇല്ലാതാക്കുന്നതോ ആണ് വിവേകമുള്ള മനുഷ്യസമൂഹം ചെയ്യുക. വീട്ടിൽ വളരുന്ന ചന്ദനമരം ഉടമസ്ഥൻ മുറിച്ചാൽ ഇന്നലെ വരെ കേസാകുമായിരുന്നു. എന്നാൽ,​ വനം വകുപ്പിനെ അറിയിച്ചതിനു ശേഷം മുറിച്ചാൽ ഇപ്പോൾ കേസാകില്ല. പ്രായോഗികമല്ലാത്തതും മനുഷ്യന് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമായ നിയമങ്ങൾ കാലാനുസൃതമായ രീതിയിൽ പരിഷ്കരിക്കാൻ കൂടിയാണ് ജനാധിപത്യ സർക്കാരുകളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. അതേസമയം,​ ചില നിയമങ്ങൾ സമൂഹത്തിന്റെ പരിരക്ഷയ്ക്കായി മാറാതെ നിൽക്കുകയും വേണം.

'നെഗറ്റീവ് ഗുഡ്‌സ്" പട്ടികയിൽ വരുന്ന വസ്തുക്കളായ ലഹരിമരുന്നുകൾ, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കുകതന്നെ വേണം. അതുപോലെയല്ല,​ സർക്കാരിന്റെ അധീനതയിലുള്ള ആനക്കൊമ്പ് ശേഖരത്തെ കാണേണ്ടത്. 2023-ലെ നിയമപ്രകാരം ഇത് കത്തിച്ചുകളയണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തോട് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന വനം വകുപ്പിന്റെ പക്കൽ 260 കോടിയോളം വിപണിമൂല്യമുള്ള 13 ടണ്ണിലേറെ ആനക്കൊമ്പുണ്ട്. ചരിഞ്ഞ ആനകളിൽ നിന്ന് ശേഖരിച്ചതും കേസുകളിൽ പിടിച്ചെടുത്തതുമാണ് ഇവ. കോടികളുടെ വിലയുള്ള ഇത്രയും ആനക്കൊമ്പ് ശേഖരവും കത്തിച്ചുകളയണമെന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ല. ആനക്കൊമ്പ് മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്നതല്ല. അതിനാൽത്തന്നെ ലഹരിമരുന്നുകൾ പോലെ ഇത് നശിപ്പിക്കേണ്ട കാര്യവുമില്ല. ഇത്,​ ഒന്നും ചെയ്യാതെ ഗോഡൗണിൽ കാലാകാലം സൂക്ഷിച്ചുവയ്ക്കണമെന്നും പറയാനാകില്ല. അപ്പോൾപ്പിന്നെ ഇത് എന്തു ചെയ്യണമെന്ന ചോദ്യമുയരും.

ആദ്യം വേണ്ടത് ഇക്കാര്യത്തിലുള്ള നിയമം മാറ്റാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ്. വനമേഖലയോട് ചേർന്നുള്ള സംസ്ഥാനങ്ങളാവും ആനക്കൊമ്പ് ശേഖരത്താൽ 'ബുദ്ധിമുട്ടുന്നത്." ഈ സംസ്ഥാനങ്ങൾ കൂട്ടായി കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുകയും,​ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യ‌ം നൽകുന്ന രീതിയിലുള്ള മാറ്റം നിയമത്തിൽ വരുത്താൻ പ്രേരണ ചെലുത്തുകയും വേണം. അതിനു മുമ്പ്,​ ഇത് നശിപ്പിക്കാതെ ഏതെല്ലാം രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. വനം വകുപ്പ് ആസ്ഥാനത്തെയും റേഞ്ച് ഓഫീസുകളിലെയും ജില്ലാ ട്രഷറികളിലെയും സ്ട്രോംഗ് റൂമുകളിലാണ് സർക്കാർ അധീനതയിലുള്ള ആനക്കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. തൊണ്ടിമുതലായി കോടതികളിലും ആനക്കൊമ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് മോഷ്ടിക്കപ്പെടാനും നഷ്ടപ്പെടാനുമുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതല്ല. അടുത്തിടെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നാണ് ആനക്കൊമ്പ് മോഷണം പോയത്.

അതിനാൽ ഇത്രയും ആനക്കൊമ്പുകൾക്കു മുന്നിൽ നിധി കാക്കുന്ന ഭൂതത്തെ പോലെ വനം വകുപ്പ് വെറുതെയിരുന്നിട്ട് കാര്യമൊന്നുമില്ല. കരകൗശലവസ്തുക്കൾ നിർമ്മിക്കാനായി ഇത് ഉപയോഗിച്ചാൽ ആ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്ദ്ധർക്ക് തൊഴിലാകും. ഇത് ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കാം.

മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തുന്ന ഫീസിലൂടെ സർക്കാരിന് സ്ഥിരവരുമാനവും ഉണ്ടാകും. വിവരണം സഹിതം ആനക്കൊമ്പ് അതേപടി പ്രദർശിപ്പിച്ചാലും കാണാൻ ജനം വരും. ആനവേട്ടക്കാർ കാട്ടാനകളെ കൊന്ന് കൊമ്പെടുക്കുന്നത്,​ അത് രഹസ്യമായി വാങ്ങാൻ ആളുണ്ട് എന്നതിനാലാണ്. ആനക്കൊമ്പ് കൈമാറാൻ പാടില്ല എന്ന നിയമമാണ് മറ്റൊരർത്ഥത്തിൽ ആനവേട്ടക്കാർ മുതലെടുക്കുന്നത്. കാലക്രമത്തിൽ ആനയുടെ വംശം തന്നെ ഇല്ലാതാകാൻ ഈ നിയമം ഇടയാക്കില്ലെന്നും പറയാനാകില്ല.