വഴിതടഞ്ഞ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചെന്ന്

Wednesday 18 February 2026 3:12 AM IST

വിതുര:കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള വഴി തടഞ്ഞ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതായി പരാതി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തേവിയോട് ജംഗ്ഷന് സമീപത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നത്. പൊൻമുടി,ബോണക്കാട് കല്ലാർ ബസുകൾ തിരിയുന്ന സ്ഥലത്താണ് കെ.എസ്.ഇ.ബിയുടെ ഈ നടപടി. പരിമിതികൾക്ക് നടുവിൽ സംസ്ഥാനപാതയോട് ചേർന്നാണ് വിതുര ഡിപ്പോ പ്രവർത്തിക്കുന്നത്. ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനായി രണ്ട് പോസ്റ്റുകൾ കഴിഞ്ഞദിവസം സ്ഥാപിച്ചു. ഇതോടെ ഡിപ്പോയിലേക്കുള്ള വഴി ഭാഗികമായി തടസപ്പെട്ട നിലയിലാണ്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ ഡിപ്പോയിലേക്കുള്ള വഴി തടസപ്പെടുകയും അപകടങ്ങൾ പതിവാകുകയും ചെയ്യുമെന്നാണ് പരാതി. മാത്രമല്ല സംസ്ഥാനപാതയിൽ ഗതാഗതതടസവുമുണ്ടാകും. ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ തേവിയോട് മേഖലയിൽ ധാരാളം സ്ഥലമുണ്ട്. ഇതിനായി വിതുര ഡിപ്പോക്ക് മുൻവശം കണ്ടെത്തിയത് ഉചിതമായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഡിപ്പോക്ക് മുന്നിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം നസീറിന്റെ നേതൃത്വത്തിൽ വിതുര കെ.എസ്.ആർ.ടി.സി മേധാവികൾക്കും കെ.എസ്.ഇബിക്കും പരാതി നൽകി. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെ തീരുമാനം. ആവശ്യം ഉന്നയിച്ച് ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റിയും കെ.എസ്.ഇ.ബിക്കും, കെ.എസ്.ആർ.ടി.സിക്കും പരാതി നൽകിയിട്ടുണ്ട്.

 ഇ.വി ചാ‌ർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നത്. ഇതിനായി വിതുര പഞ്ചായത്ത് എൻ.ഒ.സി നൽകിയിട്ടുണ്ട്.

കെ.എസ്.ഇ.ബി വിതുര അസി.എൻജിനീയർ