പള്ളിപ്പാന പതിനാെന്നാം ദിവസം:ദേവപ്രീതിക്കായി പീഠബലി
അമ്പലപ്പുഴ: പള്ളിപ്പാനയുടെ പതിനൊന്നാം ദിവസം ദേവീ പ്രീതിക്കായി ചെയ്യുന്ന പീഠബലി നടക്കും. എട്ട് പീഠങ്ങളുണ്ടാക്കി നിറപറയും നിലവിളക്കും അഷ്ടമംഗല്യവും വച്ചശേഷം പീഠങ്ങൾ അലങ്കരിച്ച് അഷ്ടലക്ഷ്മിമാരെ സങ്കല്പിച്ച് പൂജ ചെയ്യും. നാടിനും നാട്ടാർക്കും ക്ഷേമവും ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനും പതിനാലാം ദിവസത്തെ കാളിയും ദാരികനും വരവിന് ദേവിയുടെ അനുഗ്രഹത്തിനും വേണ്ടിയാണ് പീഠപൂജ. വെളിച്ചപ്പെടൽ, കരകളിൽ പോയി ശത്രു എടുപ്പ് എന്നീ ചടങ്ങുകളും നടക്കും. അന്തിപ്പേകാവലേറൽ ചടങ്ങിൽ ആവാഹിച്ചിരുത്തിയ പൂർവ്വികരിൽ നിന്ന് കരകളിൽ പോയി ശത്രു എടുപ്പിന് അനുവാദം വാങ്ങുന്ന ചടങ്ങാണ് വെളിച്ചപ്പെടൽ. വെളിച്ചപ്പെടൽ ചടങ്ങിനുശേഷം കൂത്താടികൾ പറയുമായി ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിൽ എത്തും. വീട്ടുകാർ നിലവിളക്ക് കൊളുത്തി വച്ച് കൂത്താടികളെ സ്വീകരിക്കും. കൂത്താടികൾ പറകൊട്ടിപ്പാടി വീടുകളിലെ ശത്രുദോഷം അകറ്റും. പത്താം ദിവസമായ ചൊവ്വാഴ്ച ദിക്കു ബലിയും ചെറിയ അടവി എടുപ്പും നടന്നു. അഷ്ടദിക്ക് പാലകരെ പ്രീതിപ്പെടുത്തുന്നതിനാണ് ദിക്കുബലി നടന്നത്. അടക്കാമരം കൊണ്ട് കട്ടിലുണ്ടാക്കി യജ്ഞവേദിയിൽ സ്ഥാപിച്ച് ഒരു കുത്താടിയെ പച്ചോല കൊണ്ട് വരിഞ്ഞു കെട്ടി കട്ടിലിൽ ബന്ധനസ്ഥനാക്കി കിടത്തി. തുടർന്ന് കട്ടിൽ ഉൾപ്പെടെ കൂത്താടിയെ ചുമന്ന് ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് എട്ടു ദിക്കിലും പൂജകൾ ചെയ്തു. പന്ത്രണ്ടാം ദിവസമായ വ്യാഴാഴ്ച ഓത്ത്, മുറോത്ത്, കരകളിൽ പോയി ശത്രു എടുപ്പ് എന്നീ ചടങ്ങുകൾ നടക്കും.