പുരസ്ക്കാര തിളക്കത്തിൽ മുട്ടാർ ഗ്രാമപഞ്ചായത്ത്

Tuesday 17 February 2026 9:53 PM IST

കുട്ടനാട് : മഹാത്മാ പുരസ്ക്കാരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാമതായി ഹാട്രിക് നേട്ടവും സ്വന്തമാക്കി മുട്ടാർ ഗ്രാമപഞ്ചായത്ത്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു രക്ഷനേടാൻ പഞ്ചായത്ത് സ്വീകരിച്ച മാതൃക നേരത്തേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പഞ്ചായത്തിൽ നടത്തുന്ന സദ്യയ്ക്കും വിരുന്നുസത്ക്കാരങ്ങൾക്കും പ്ലാസ്റ്റിക് പേപ്പർ, തെർമോക്കോൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പകരം വാഴയിലയും സ്റ്റീൽ ഗ്ലാസും നിർബന്ധമാക്കി.

പഞ്ചായത്ത് പരിധിയിൽ മീനും, ഇറച്ചിയും പ്ലാസ്റ്റിക് കവറുകളിൽ നല്കുന്നതിന് പകരം വട്ടയില, തേക്കില, വെളുന്താൾ എന്നിവ എത്തിച്ചു നല്കുവാൻ ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തി . ഇതുകൂടാതെ മാലിന്യം കുമിയുന്ന സ്ഥലം പൂന്തോട്ടമാക്കുന്ന സ്നേഹാരാമം പദ്ധതിയും എടുത്തു പറയേണ്ട നേട്ടമായി. . ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗ്രാമസഭ, ആരോഗ്യപരിശോധന ക്യാമ്പ് അടക്കമുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ മാലിന്യനിർമ്മാർജ്ജനം, ഉറവിട മാലിന്യ സംസ്ക്കരണം എന്നിവയ്ക് മുൻഗണന നല്കിയതിന് പുറമെ ദ്രവമാലിന്യ സംസ്ക്കാരണത്തിന് 114 സോക് പിറ്റും ജൈവമാലിന്യ സംസ്ക്കരണത്തിന് 113 കമ്പോസ്റ്റ് പിറ്റും 230വേസ്റ്റ് ബിന്നും വീടുകളിലും സ്ഥാപനങ്ങളിലും നടപ്പിലാക്കി.

ശരാശരി 82.73 ശതമാനം തൊഴിൽദിനങ്ങളിലൂടെ 4.22 കോടി രൂപ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾ, വയോജന പരിപാടികൾ, ബാലസൗഹൃദ പ്രവർത്തനങ്ങൾ, പഞ്ചായത്ത് സേവനങ്ങളിലെ മികവ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പ്രവർത്തനങ്ങളിലെ കൃത്യത, ആരോഗ്യമേഖലയിലെ സേവന മികവ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന് പുരസ്ക്കാരങ്ങൾ ലഭ്യമാക്കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ഭാമാദേവിയും പ്രസിഡന്റ്കെ സുരമ്യയും പറഞ്ഞു.