കണ്ണൂരിൽ സയൻസ് പാർക്ക്, ഐ.ടി പാർക്ക്: മുഖ്യമന്ത്രി ശിലയിട്ടു
കണ്ണൂർ: ഇന്ത്യയിൽ വിജ്ഞാന വ്യവസായങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സയൻസ് പാർക്കിന്റെയും ഐ.ടി പാർക്കിന്റെയും ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നാട് നൽകുന്ന പിന്തുണയും ഉയർന്ന നിലവാരമുള്ള ഗവേഷണ വികസന സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും ഒത്തു ചേരുമ്പോഴാണ് കേരളം ഇതിന് അനുയോജ്യമാകുന്നത്. ഈ സവിശേഷത മനസിലാക്കിയാണ് സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ച ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു . ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ മുൻനിര കമ്പനികളെ കേരളത്തിലേക്ക്
എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും എത്തുന്നതോടെ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കപ്പെടും.കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം നടത്താൻ നിക്ഷേപകർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
. കണ്ണൂർ സയൻസ് പാർക്കിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തലശ്ശേരി അഞ്ചരക്കണ്ടിക്ക് സമീപം ചെറിയവളപ്പിൽ 600 കോടി ചെലവിൽ 50 ഏക്കറിലായാണ് സയൻസ് പാർക്കും ഐ.ടി പാർക്കും നിർമിക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷനായി. ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ.ഐ.ടി.എഫ്.ആർ.എ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അടക്കമുള്ളവർ പങ്കെടുത്തു.
എ.കെ.ജി സ്മൃതി മ്യൂസിയം ഉദ്ഘാടനം ചെയ്തു
ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനിൽപ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരളശ്ശേരിയിൽ എ.കെ.ജി സ്മൃതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകളെ നേരിടാനുള്ള വിജ്ഞാനശാലയാണ് മ്യൂസിയങ്ങൾ. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നുണകൾ അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും ഇത്തരം നുണ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നത് അതീവ ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോടു ചേർന്ന് 3.30 ഏക്കർ സ്ഥലത്ത് നിർമിച്ച മ്യൂസിയം രണ്ടു നിലകളിലായി ആറ് ഗ്യാലറികളോടു കൂടിയതാണ്. എ.കെ.ജിയുടെ സമരപ്പോരാട്ടങ്ങൾ, പാർലമെന്റിലെ മികച്ച പ്രകടനങ്ങൾ, സ്വാതന്ത്ര്യസമര ചരിത്രം എന്നിവ ദൃശ്യാവിഷ്കരിക്കുന്ന അത്യാധുനിക മിനി തീയറ്റർ, എ.കെ.ജിയുടെ ദീർഘകായ പ്രതിമകൾ, മിനിയേച്ചറുകൾ, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖ ദൃശ്യങ്ങൾ, ഭിന്നശേഷിക്കാർക്കുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 23.32 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമിച്ചത്.