അപ്പീൽ തള്ളി: ആന്റണി രാജുവിന്റെ അയോഗ്യത തുടരും
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ നിർണ്ണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എ. നസീറ തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. ജില്ലാ കോടതി ഈ മാസം രണ്ടിന് ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത് കൂടി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജിയാണ് കോടതി തള്ളിയത്. കുറ്റം നിലനിൽക്കുന്നത് കൊണ്ട് തന്നെ ആന്റണി രാജുവിന്റെ അയോഗ്യതയും തുടരും.
മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ കുറ്റം കൂടി മരവിപ്പിച്ചാലേ ആന്റണി രാജുവിന്റെ അയോഗ്യത മാറി കിട്ടുമായിരുന്നുള്ളൂ. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം കഠിന തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നതുവരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.