ഇന്ത്യ എ.ഐ ഉത്പാദകരാകണം:മോദി
ന്യൂഡൽഹി: ഇന്ത്യ ഐ.ടി മേഖലയിലെ സേവനദാതാക്കളായി ഒതുങ്ങരുതെന്നും സ്വന്തം ആവശ്യത്തിനും ലോകത്തിനുമുള്ള നിർമ്മിതബുദ്ധി ഉത്പന്നങ്ങൾ നിർമ്മിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എ.ഐ സൃഷ്‌ടിക്കുന്ന ലോകത്തെ ആദ്യ മൂന്നു മഹാശക്തികളിൽ ഒന്നായി ഇന്ത്യ മാറണം. അതിനുള്ള പ്രതിഭയും സംരംഭകത്വ ഊർജ്ജവും ഇന്ത്യക്കുണ്ട്. നിർമിതബുദ്ധി രൂപപ്പെടുത്താനുള്ള അടിസ്ഥാനസൗകര്യങ്ങളും നയങ്ങളും നൈപുണ്യശേഷിയും കെട്ടിപ്പടുത്തുകയാണ് നാം. നമ്മുടെ നിർമിതബുദ്ധി മാതൃകകൾ ലോകമെമ്പാടും വിന്യസിക്കപ്പെടും. ഡിജിറ്റൽ നൂറ്റാണ്ടിൽ ഇന്ത്യ സ്വന്തമായി കോഡുകൾ എഴുതിയാണ് നിർമിതബുദ്ധിയിൽ സ്വയംപര്യാപ്തത നേടുക.
നിർമിതബുദ്ധി വഴി ആഗോള വികസനം ലക്ഷ്യമിടുന്നതിനൊപ്പം മനുഷ്യകേന്ദ്രീകൃതമാകണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. നിർമിതബുദ്ധി കഴിവുകൾ വർദ്ധിപ്പിക്കുമെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് മനുഷ്യരാകണം. സാങ്കേതികവിദ്യ തൊഴിലുകൾ ഇല്ലാതാക്കില്ല, സ്വഭാവം മാറ്റി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.