അപരിചിതർ തമ്മിൽ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധമോ?
Wednesday 18 February 2026 1:58 AM IST
ന്യൂഡൽഹി: അപരിചിതർ തമ്മിൽ വിവാഹത്തിന് മുൻപ് എങ്ങനെ ശാരീരികബന്ധം സാദ്ധ്യമാകുന്നുവെന്ന് ആശ്ചര്യപ്പെട്ട് സുപ്രീംകോടതി. താൻ പഴയ ആളായിരിക്കാം. പക്ഷെ വിവാഹത്തിന് മുൻപ് ആണും പെണ്ണും പരസ്‌പരം അപരിചിതരാണ്. അവരുടെ ബന്ധം എത്ര ശക്തമാണെങ്കിലും ശാരീരിക ബന്ധം പുലർത്താൻ എങ്ങനെ കഴിയുന്നുവെന്നത് മനസിലാകുന്നില്ല. ഇക്കാര്യത്തിൽ ഇരുവരും ജാഗ്രത കാട്ടണം. വിവാഹത്തിനു മുൻപ് ആരെയും കണ്ണുംപൂട്ടി വിശ്വസിക്കരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ഉപദേശിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പഞ്ചാബിലെ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജൽ ഭുയാനും കൂടി ഉൾപ്പെട്ട രണ്ടംഗബഞ്ച്. പരസ്‌പര സമ്മതത്തോടെയുള്ള ഇത്തരം ബന്ധങ്ങളിലെ ക്രിമിനൽ കേസുകളിൽ വിചാരണ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും.