മയക്കുമരുന്ന് കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ
പെരുമ്പാവൂർ: മയക്കുമരുന്ന് കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളെ യഥാക്രമം 3, 2 വർഷംവീതം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. പ്രതി ഫാസിൽ ബാബുവിന് 3 വർഷം കഠിനതടവും 25000 രൂപ പിഴയും പ്രതി റാസിക്കിന് 2 വർഷം കഠിനതടവും 15000 രൂപ പിഴയുമാണ് എറണാകുളം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഏഴ്) ജഡ്ജി വി.പി.എം സുരേഷ് ബാബു ശിക്ഷവിധിച്ചത്.
2019 ഏപ്രിൽ 27ന് 3.100 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് മലപ്പുറം ഏറനാട് വാലിലപ്പുഴ പൂലകണ്ടിയിൽ വീട്ടിൽ ഫാസിൽ ബാബു (31), ഏറനാട് വാലിലപ്പുഴ മുണ്ടംപറമ്പിൽ വീട്ടിൽ റാസിക്ക് (25) എന്നിവരെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
പെരുമ്പാവൂർ കെ.എസ് ആർ.ടി.സി.ബസ് സ്റ്റാൻഡിന് സമീപത്തുനിന്നുമാണ് ഇരുവരേയും കഞ്ചാവുമായി കുന്നത്തുനാട് എക്‌സൈസ് സർക്കിൽ ഇൻസ്‌പെക്ടർ സി.കെ. സജികുമാറും സംഘവും അറസ്റ്റുചെയ്തത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.എസ്. ശശികുമാറാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോളി ജോർജ് കാരകുന്നേൽ ഹാജരായി.