ഹ‌ർജികൾ തയ്യാറാക്കാൻ നിർമിതബുദ്ധിയെ അഭിഭാഷകർ ആശ്രയിക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി

Wednesday 18 February 2026 12:56 AM IST

ന്യൂ‌ഡൽഹി: ഹ‌ർജികൾ തയ്യാറാക്കാൻ നിർമിതബുദ്ധിയെ(എ.ഐ) അഭിഭാഷകർ ആശ്രയിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഭയപ്പെടുത്തുന്ന പ്രവണതയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇന്നുവരെ പുറപ്പെടുവിച്ചിട്ടില്ലാത്ത വിധിന്യായങ്ങളുടെ പരാമർശങ്ങൾ ഇത്തരം ഹ‌ർജികളിൽ കാണാം. ഹർജിയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ ശരിയാണോയെന്ന് പോലും അവർ നോക്കുന്നില്ല. ഒരു ഹ‌ർജിയിൽ മേഴ്സിയും മാൻകൈൻഡും തമ്മിലുള്ള കേസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയൊരു കേസില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്നംഗബെഞ്ച് ഇന്നലെ സിറ്റിംഗ് നടത്തുമ്പോൾ എ.ഐ സ്വാധീനമുള്ള ഹ‌ർജികളിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു.