തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിര. കമ്മിഷൻ അസാമിൽ

Wednesday 18 February 2026 1:02 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്‌ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ അസാം തലസ്ഥാനമായ ഗുവാഹത്തിയിലെത്തി. കമ്മിഷൻ മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് വിവരം.

ഇന്നലെ ആം ആദ്മി പാർട്ടി, ബി.ജെ.പി, സി.പി.എം, കോൺഗ്രസ്, എ.ഐ.യു.ഡി, അസം ഗണപരീഷത്ത്, യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച അഭിപ്രായങ്ങൾ തേടി. തിരഞ്ഞെടുപ്പ് തിയതി ബിഹു ഉത്സവം നോക്കി നിശ്ചയിക്കാൻ പാർട്ടികൾ ആവശ്യപ്പെട്ടു. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും കമ്മീഷൻ വിശദമായ അവലോകനം നടത്തി. സമൂഹമാദ്ധ്യമങ്ങളിലെ വ്യാജവാർത്തകൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.