ഓപ്പറേഷന്‍ റൗണ്ടപ്പ്: 1663 പേർ അറസ്റ്റിൽ

Wednesday 18 February 2026 2:05 AM IST

തിരുവനന്തപുരം: ക്രമസമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പാക്കാൻ "ഓപ്പറേഷന്‍ റൗണ്ട് അപ്പ്" എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനകളിൽ 1663 പേർ അറസ്റ്റിൽ. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 691 പേരേയും വിവിധ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന 972 പേരേയുമാണ് അറസ്റ്റ് ചെയ്തത്. ഗുണ്ടകൾ, ഗുരുതര കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവർ, മോഷ്ടാക്കൾ, പിടികിട്ടാപ്പുള്ളികൾ എന്നിവരെ പിടി കൂടാൻ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക നടപടികൾ ആരംഭിച്ചത്.1028 പേർക്കെതിരെ ബി.എന്‍.എസ്.എസ് സെക്ഷൻ 126/129 പ്രകാരം കരുതൽ നടപടികളെടുത്തു.

കാപ്പ നിയമ നടപടി പ്രകാരം 20 പേർക്കെതിരേ കരുതൽ തടങ്കലിനും 30 പേരെ നാടു കടത്താനും നടപടികൾ ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവർക്കെതിരെ 1354 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളെടുത്തു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച് വെങ്കടേഷിന്റെ മേൽനോട്ടത്തിൽ ദക്ഷിണ/ഉത്തര മേഖലാ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ നേത്യത്വം നൽകി.