ദേശീയ പൗരത്വ രജിസ്റ്റർ കോർഡിനേറ്ററെ മദ്ധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

Friday 18 October 2019 1:13 PM IST

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ നടപടി കോർഡിനേറ്റർ പ്രതീക് ഹജേലയെ മദ്ധ്യപ്രദേശിലെക്ക് അടിയന്തരമായി സ്ഥലംമാറ്റാൻ സുപ്രീം കോടതി ഉത്തരവ്. ഡെപ്യൂട്ടേഷനിൽ അയക്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റെ നി‌ർദേശം.

അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സ്ഥലംമാറ്റ ഉത്തരവിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദിച്ചിരുന്നു. അതിന് ഉണ്ടെന്ന് കോടതി മറുപടി നൽകിയെങ്കിലും എന്താണ് കാരണമെന്ന് വെളിപ്പെടുത്താൻ തയാറായില്ല. കൂടാതെ സ്ഥലംമാറ്റ ഉത്തരവിലും കാരണം പറയുന്നില്ല. ഏഴ് ദിവസത്തിനകം ഹജേലയെ മദ്ധ്യപ്രദേശിലേക്ക് അയക്കണമെന്ന് സർക്കാരിന് കോടതി നിർദേശം നൽകി. 1995 ബാച്ച് അസം മേഘാലയ കേഡർ ഉദ്യോഗസ്ഥനാണ് ഹജേല.

ഈ വർഷം ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച എൻ‌.ആർ‌.സി പട്ടികയുടെ അന്തിമ പതിപ്പിൽ നിന്ന് ഏകദേശം 20 ലക്ഷം ആളുകൾ പുറത്ത് പോയിരുന്നു. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് രജിസ്റ്ററിൽ അസാമിൽ താമസിക്കുന്ന 40 ലക്ഷത്തോളം ആളുകൾ പുറത്തായിരുന്നു. അതിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്തിമ രജിസ്റ്റർ തയ്യാറാക്കിയത്. പുറത്തായ 40 ലക്ഷത്തിൽ 36,26,630 പേർ വീണ്ടും അപേക്ഷിച്ചെങ്കിലും 19ലക്ഷം പേർ പുറത്താവുകയായിരുന്നു.