ഒരു കഷ്ണം ബീറ്റ്റൂട്ട് മതി; വെറെെറ്റി സംഭാരം ഉണ്ടാക്കാം, കുടിച്ചാൽ അഡിക്റ്റ് ആകും
കൊടുംചൂടത്ത് സാധാരണ വെള്ളത്തോടൊപ്പം തണുത്ത എന്തെങ്കിലും കുടിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സമയത്ത് ഫ്രഷ് ജ്യുസും സംഭാരവും ഒക്കെ കുടിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ വ്യത്യസ്തമായ ബീറ്റ്റൂട്ട് സംഭാരം ഒന്ന് ട്രെെ ചെയ്ത് നോക്കിയാലോ? ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബീറ്റ്റൂട്ട് സംഭാരം. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- ബീറ്റ്റൂട്ട് - ഒരെണ്ണം
- മോര് - ഒരു ഗ്ലാസ് അല്ലെങ്കിൽ പുളിയുള്ള തൈര് രണ്ട് ഗ്ലാസ്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- പച്ചമുളക് - രണ്ട്
- നാരങ്ങാനീര് - രണ്ട് ടീസ്പൂൺ
- കറിവേപ്പില - ഒരു തണ്ട്
- പുതിന - നാല് ഇല (വേണമെങ്കിൽ മാത്രം)
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ഒന്നര ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് രണ്ട് സ്പൂൺ തെെരും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പുതിന, കുറച്ച് നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വീണ്ടും അരച്ചെടുക്കണം. ഇനി ഈ മിശ്രിതം അരിച്ചെടുത്ത് മോരിലോ തെെരിലോ ചേർത്ത് യോജിപ്പിക്കാം. ശേഷം ആവശ്യത്തിന് വെള്ളവും ചേർക്കാം. നല്ല കിടിലൻ ബീറ്റ്റൂട്ട് സംഭാരം റെഡി.