ദാവൂദ് ഇബ്രാഹിമിന്റെ സംഘം പിതാവിനെ കൊന്നു, പകരംവീട്ടാതെ ചെരിപ്പിടില്ലെന്ന് ശപഥം; കുമാർ പിള്ളയെ നാടുകടത്താൻ ഉത്തരവ്
മുംബയ്: കേരളത്തിൽ വേരുകളുള്ള അധോലോക കുറ്റവാളി കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ. പിള്ളയെ മാതൃരാജ്യമായ ഹോങ്കോങ്ങിലേയ്ക്ക് നാടുകടത്താനാണ് മുംബയ് കോടതി സിറ്റി പൊലീസിനോട് ഉത്തരവിട്ടിരിക്കുന്നത്. ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യക്ക് കൈമാറുന്ന സമയത്ത് ചുമത്തിയിരുന്ന എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് കോടതി വിധി. കൈമാറുന്ന രാജ്യത്തിന്റെ അനുമതിയില്ലാതെ, പ്രതിയെ മറ്റ് കെട്ടിക്കിടക്കുന്ന കേസുകളിൽ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പൗരനായിരുന്ന പിള്ള ഹോങ്കോങ്ങിലേയ്ക്ക് താമസം മാറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയുമായിരുന്നു. 2012ൽ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് പ്രകാരം 2016ലാണ് പിള്ള സിങ്കപ്പൂരിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. പിള്ളയ്ക്കെതിരായ ആറ് കേസുകളിലാണ് കൈമാറ്റം ചെയ്യാൻ ഇന്ത്യ സിങ്കപ്പൂർ കോടതിയുടെ അനുമതി തേടിയത്.
എന്നാൽ മൂന്ന് കേസുകളിൽ വിചാരണ ചെയ്യാനാണ് അനുമതി ലഭിച്ചത്. ഈ കേസുകൾ തീർപ്പാക്കുകയും പിള്ള കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതോടെയാണ് ഹോങ്കോങ്ങിലേയ്ക്ക് തിരികെ അയയ്ക്കാൻ കോടതി നിർദേശിച്ചത്. വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി. ബാക്കിയുള്ള കേസുകളിൽ പിള്ളയെ വിചാരണ ചെയ്യാനുള്ള അനുമതി ഹോങ്കോങ്ങിലെ അധികൃതരിൽ നിന്ന് പ്രോസിക്യൂഷൻ തേടിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
മുംബയിലെ വിക്രോളിയിലാണ് പിള്ളയുടെ കുടുംബമുള്ളത്. പിതാവ് കൃഷ്‌ണപിള്ള കന്യാകുമാരിയിൽ നിന്നുള്ള മലയാളിയാണ്. ചെറിയ ജോലികൾ ചെയ്താണ് കൃഷ്ണപിള്ള മുംബയിൽ ജീവിച്ചിരുന്നത്. ഹാജി മസ്‌താൻ, വരദരാജ തുടങ്ങിയ അധോലോകത്തലവന്മാരുമായുള്ള ബന്ധമാണ് കൃഷ്‌ണപിള്ളയുടെ വളർച്ചയ്ക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്. താമസിയാതെ അദ്ദേഹം വിക്രോളിയിൽ സിദ്ധിവിനായക് എന്ന പേരിൽ സ്‌കൂൾ ആരംഭിച്ചു. സമീപത്തായി സിദ്ധിവിനായക് ക്ഷേത്രവും സ്ഥാപിച്ചു.
അദ്ദേഹത്തിന് വിക്രോളിയിൽ ക്ളബ് ഉണ്ടായിരുന്നു. ഈ കെട്ടിടം അവിടത്തെ മുനിസിപ്പൽ കോർപ്പറേറ്റർക്ക് വിൽക്കാൻ വിസമ്മതിച്ച കൃഷ്‌ണപിള്ളയെ സ്കൂളിലെ സ്റ്റോറിൽവച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ലാൽസിംഗ് ചൗഹാന്റെ അനുയായികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് കുമാർ ആയുധമെടുത്തത്. എഞ്ചിനീയറിംഗ് ബിരുദം നേടിയ കുമാർ അമർനായിക്കിന്റെ അധോലോക സംഘത്തിൽ ചേർന്നു. പിതാവിന്റെ ഘാതകരെ വകവരുത്തുംവരെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയവരിലൊരാളായ ലാൽ സിംഗ് ചവാൻ എംഎൽഎയെ വധിച്ചതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയായി. കെട്ടിട നിർമാതാക്കളിൽ നിന്നുൾപ്പെടെ ഭീഷണിപ്പെടുത്തി പണം തട്ടിയതായുള്ള കേസുകളുമുണ്ട്. പിന്നീട് അമർനായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിനൊപ്പം ചേർന്നു.
അമർനായിക് കൊല്ലപ്പെടുകയും അശ്വിൻ വീൽ ചെയറിലാവുകയും ചെയ്തതോടെയാണ് മുംബയ് വിട്ടത്. തുടർന്ന് ചെന്നൈയിലേയ്ക്ക് ചേക്കേറുകയും എൽടിടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. പിന്നീടാണ് ഹോങ്കോങ്ങിൽ സ്ഥിരതാമസമാക്കിയത്. 1998ൽ പൊലീസിന്റെ പിടിയിലായിരുന്നു. 99ൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയി. പിന്നീട് 2016ലാണ് സിങ്കപ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മുംബയ് സ്വദേശിനിയായ കൽപനയാണ് ഭാര്യ. ഇവർക്കൊരു മകളുണ്ട്.