തീയിടുമ്പോൾ അശ്രദ്ധയരുത്, ജീവൻ കത്തിയമരും

Thursday 19 February 2026 12:59 AM IST

പാലാ : ചൂടുകാലത്ത് പറമ്പിലും, വീടിന് സമീപത്തും തീയിടുമ്പോൾ ശ്രദ്ധിക്കണം. കണ്ണൊന്ന് തെറ്റിയാൽ ജീവൻ കത്തിയമർന്നേക്കാം. കഴിഞ്ഞ ദിവസം പൂവത്തോട്ടിൽ സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിടുന്നതിനിടെ റിട്ട.അദ്ധ്യാപകൻ വെന്തുമരിച്ചതിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. പൂവത്തോട് പൊരിയത്ത് ബേബി (70) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് കത്തിയമർന്നു. കഴിഞ്ഞ വർഷവും സംസ്ഥാനത്ത് രണ്ടിടങ്ങളിൽ സമാന അപകടമുണ്ടായിരുന്നു. പൂവത്തോട്ടിൽ ഉച്ചതിരിഞ്ഞാണ് ബേബി സ്വന്തം പുരയിടത്തിൽ തീയിട്ടത്. കൂടെ ആരുമുണ്ടായിരുന്നില്ല. അതിനാൽ പൊള്ളലേറ്റ് വീണ വിവരം മറ്റാരും അറിഞ്ഞില്ല. ഒടുവിൽ ഫയർഫോഴ്‌സ് തീ കെടുത്താൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംസ്‌കാരം ഇന്നലെ വൈകിട്ട് പൂവത്തോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടന്നു.

പുകയേറ്റാൽ ബോധക്കേടിനും സാദ്ധ്യത

തീപിടിക്കുമ്പോഴുണ്ടാകുന്ന കനത്ത പുക ഒരുപക്ഷേ ആളുകളെ അബോധാവസ്ഥയിലാക്കിയേക്കാം. തുടർച്ചയായി പുകയിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിക്കുമ്പോൾ ബോധക്കേടുണ്ടാകും. ഉടൻ കുഴഞ്ഞുവീഴും. തീയുടെ പരിധിയിലേക്ക് കയറി തീ കെടുത്താനും ശ്രമിക്കരുത്. നിർബന്ധമായും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കൈയിൽ കരുതണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.

''ഒരുകാരണവശാലും ഒറ്റയ്ക്ക് ഒരിടത്ത് തീയിടാൻ പോകരുത്. പ്രായമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.

തീയിടുന്നതിന് മുമ്പ് ചുറ്റുപാടും ഫയർബ്രേക്ക് വേണം. തീപടർന്നേക്കുമെന്ന തോന്നലുണ്ടെങ്കിൽ അത്യാവശ്യം വെള്ളം ബക്കറ്റിൽ കരുതണം.

-കെ.ജെ.സെബാസ്റ്റ്യൻ (പാലാ ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ)