ആഘോഷങ്ങൾക്ക് ആവേശമാകാൻ ലാൽ റിലീസുകൾ

Thursday 19 February 2026 6:11 AM IST

ആരാധകർക്ക് ആവേശം പകർന്ന് പുതുവർഷത്തിൽ പ്രധാന ആഘോഷങ്ങൾക്ക് എല്ലാം മോഹൻലാൽ ചിത്രങ്ങളുടെ റിലീസ്. വിഷുവിന് ദൃശ്യം 3, പാട്രിയറ്റ്, ഓണത്തിന് ഖലീഫ, തുടക്കം, ജയിലർ 2, പൂജ റിലീസായി എൽ 365 എന്നിവയാണ് ഇത്തവണ എത്തുന്ന മോഹൻലാൽ ചിത്രങ്ങൾ. ഇൗ ചിത്രങ്ങൾ എല്ലാം ഉത്സവ സീസണിൽ എത്തുന്നു എന്നതാണ് ഏറ്രവും വലിയ പ്രത്യേകത. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന ദൃശ്യം 3 ഏപ്രിൽ 2ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പാട്രിയറ്റ് ഏപ്രിൽ 23നാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ട്വന്റി 20ക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടി ആണ്. ഓണം റിലീസായി എത്തുന്ന ഖലീഫ, തുടക്കം, ജയിലർ 2 എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അതിഥി വേഷത്തിൽ ആണ് . പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫ വൈശാഖ് സംവിധാനം ചെയ്യുന്നു. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു. ജയിലറിലെ കഥാപാത്രത്തിന്റെ തുടർച്ചയായി രജനികാന്ത് ചിത്രം ജയിലർ 2 വിൽ മോഹൻലാൽ എത്തുന്നു.

തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒരുമിക്കുന്ന പേരിടാത്ത ചിത്രം പൂജ റിലീസായി ഒക്ടോബർ 17 ന് തിയേറ്ററുകളിൽ എത്തും. ഏറെക്കാലത്തിനുശേഷം മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക. രചന രതീഷ് രവി, ഛായാഗ്രഹണം ഷാജികുമാർ നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്.