'തെളിവ്' തേടി ഒരു അന്വേഷണം-മൂവി റിവ്യൂ

Friday 18 October 2019 3:47 PM IST

ഒരു കൊലപാതകവും അതിനുശേഷമുള്ള അന്വേഷണവുമാണ് 'തെളിവ്' എന്ന എം.എ നിഷാദ് ചിത്രത്തിന്റെ ഇതിവൃത്തം. സാഹചര്യവശാൽ നിയമം കൈയിലെടുക്കേണ്ടി വന്ന ഒരു സ്‌ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. തെളിവുകൾക്കെതിരെയും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകൾക്ക് എതിരെയുമുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കൂടി കഥയാണിത്.

ലോറി ഡ്രൈവറായ ഖാലിദിനെ (ലാൽ) വിവാഹം കഴിച്ച് സമാധാനപരമായ ജീവിതം നയിക്കുകയാണ് ഗൗരി (ആശാ ശരത്ത്). ഒറ്റപ്പെട്ട തുരുത്തിലെ തന്റെ വീട്ടിൽ തന്റെ കുഞ്ഞുമൊത്താണ് അവരുടെ താമസം. ഒരു അനാഥാലയത്തിൽ ഗൗരി ജോലി നോക്കുന്നുണ്ട്. സ്വസ്ഥമായി നീങ്ങുന്ന ഗൗരിയുടെ ജീവിതത്തിലേക്ക് കാലം കരുതി വച്ചിരുന്നത് വലിയൊരു ഇടിത്തീ തന്നെയായിരുന്നു. പൊതുവേ പ്രതികരണശേഷിയില്ലാത്ത ഒരു പാവമാണ് ഗൗരി. ചില വൈകൃതങ്ങൾ അവർ കാണാൻ ഇടയാകുന്നു. അനാഥാലയത്തിന്റെ ഉടമ അവിടുത്തെ അന്തേവാസിയെ തന്നെ ബലാത്സംഗം ചെയ്യാനൊരുങ്ങുന്നത് വെറുതെ കണ്ട് നിൽക്കാൻ ഗൗരിക്കായില്ല-അവൾക്ക് അയാളെ കൊല്ലേണ്ടി വന്നു. ഗൗരിയുടെയും ഭർത്താവിന്റെയും ജീവിതം അങ്ങനെ മാറിമറിയുന്നു.

രമേശ് കുമാർ ഐ.പി.എസ് (രഞ്ജി പണിക്കർ) നേതൃത്വം നൽകുന്ന കേസന്വേഷണവും തന്റെ ഭാഗം തെളിയിക്കാനുള്ള ഗൗരിയുടെയും അവരെ പിന്തുണയ്ക്കുന്ന ഖാലിദിന്റെയും ശ്രമമാണ് ചിത്രത്തിന്റെ ബാക്കിപത്രം. ആദ്യ പകുതി ഒരു പ്രഹേളികയും രണ്ടാം പകുതിയിൽ അതിനുള്ള ഉത്തരവുമാണ്. എന്നാൽ ഉത്തരങ്ങൾ ചുരുളഴിയുന്നതിന് വേണ്ട വിധമുള്ള ഒരു 'ബിൽഡ് അപ്പ്' നൽകുവാൻ കഴിഞ്ഞിട്ടില്ല. പൊടുന്നനെ ഉണ്ടാകുന്ന തെളിവുകളും മറ്റും കല്ലുകടിയാണ്.

പേടിച്ചു നിൽക്കുന്ന ഒരു വനിതയിൽ നിന്ന് നിയമം കൈയാളാൻ ധൈര്യം കാണിക്കുന്ന ഒരാളായി ഗൗരിയുടെ മാറ്റം ആശാ ശരത്ത് ഭംഗിയായി അവതരിപ്പിച്ചു. ഖാലിദായി ലാലും മികച്ച പ്രകടനം നടത്തി. രഞ്ജി പണിക്കർ, ജോയ് മാത്യു, നെടുമുടി വേണു, സുനിൽ സുഗദ, സിജോയ് വർഗീസ്, സുധീർ കരമന, മീരാ നായർ, അനിൽ നെടുമങ്ങാട്, തെസ്നി ഖാൻ, രാജേഷ് ശർമ, പോളി വിൽസൺ, മാല പാർവതി, മൊഹ്സിൻ ഖാൻ, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എം. ജയച്ചന്ദ്രന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മികച്ച ഘടകങ്ങളിലൊന്നാണ്. നിഖിൽ എസ്. പ്രവീണിന്റെ ഛായാഗ്രഹണം മൺറോ തുരുത്തിന്റെ ഭംഗി ഒപ്പിയെടുത്തിട്ടുണ്ട്.

തന്റെ സംവിധാന കരിയറിൽ കൂടുതലും ത്രില്ലറുകൾ ചെയ്ത സംവിധായകനാണ് എം.എ. നിഷാദ്. ഇതിവൃത്തം കൊണ്ടൊക്കെ മേന്മ പുലർത്തിയെങ്കിലും അവതരണത്തിൽ പോരായ്മയുള്ള ചിത്രമാണ് 'തെളിവ്'. ഒട്ടേറെ പരീക്ഷണങ്ങളും പുതുമയുമുള്ള ഇക്കാലത്തെ സിനിമയിൽ പ്രേക്ഷകനെ കൈയിലെടുക്കുക എന്നത് ശ്രമകരമാണ്. അനുകൂലമായി ചില ഘടകങ്ങളുണ്ടെങ്കിലും ആ ദൗത്യത്തിൽ 'തെളിവ്' ശരാശരിയാണ്.

വാൽക്കഷണം: തെളിവെടുപ്പ്

റേറ്റിംഗ്: 2.5/5