വെളുക്കാൻ തേച്ചതെല്ലാം...
മുന്നണികൾ മാറി മാറി ഭരിക്കുന്നതായിരുന്നു കേരളത്തിന്റെ ശീലം. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ചരിത്രം തിരുത്തി. രണ്ടു ടേം തുടർച്ചയായി ഒരു മുന്നണിയും ഒരേ മുഖ്യമന്ത്രിയും ഭരിച്ചതു തന്നെ മലയാള നാടിന് അത്ഭുതമാണ്. അപ്പോഴാണ് തുടർച്ചയായ മൂന്നാം ഭരണം ഒരേ ക്യാപ്റ്റന്റെ നേതൃത്വത്തിൽ ലക്ഷ്യമിട്ട് ഇടതുമുന്നണി അത്ഭുതമാകുന്നത്. മൂന്നാമൂഴത്തിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിനായി പ്രതിഛായ മിനുക്കണം. ചില 'ചർമ്മ ചികിത്സ"കൾ വേണ്ടിവരും. പഴയ തട്ടുകേടുകൾ തീർക്കാൻ 'പ്ലാസ്റ്റിക് സർജറി"യും വേണ്ടിവരും. അതിന്റെ ഭാഗമായിരുന്നു ആഗോള അയ്യപ്പസംഗമവും നവകേരള സർവേയും. എന്നാൽ രണ്ടു കാര്യങ്ങളും, വെളുക്കാൻ തേച്ചത് പാണ്ടായെന്ന അവസ്ഥയിലായി. രാഷ്ട്രീയമായും നിയമപരമായും തിരിച്ചടി നേരിട്ടു. ഒരു കാര്യവുമില്ലാതെ പൊടിപൊടിച്ചത് ജനങ്ങളുടെ നികുതിപ്പണമാണ്. ന്യായീകരിച്ചിട്ടും ഒരിടത്തും കണക്ക് ഒക്കുന്നില്ലെന്നതാണ് കഷ്ടം. വോട്ടർമാരെ വശത്താക്കാൻ പല തന്ത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബാലിശമായും സുതാര്യതയില്ലാതെയുമാണ് സർവേയും സംഗമവും നടപ്പാക്കിയത്. അരിയാഹാരം കഴിയ്ക്കുന്നവർക്കെല്ലാം ഒറ്റനോട്ടത്തിൽ തന്നെ പന്തികേടു തോന്നുന്ന വിധമായിരുന്നു ആസൂത്രണം. ഇത് കനത്ത തിരിച്ചടിക്ക് വഴിവയ്ക്കുകയും ചെയ്തു.
സർവേയിലെ രാഷ്ട്രീയം
പൊതുഖജനാവിൽ നിന്ന് 20 കോടി ചെലവിട്ടു നടത്തുന്ന നവകേരള സർവേ പാതിവഴിയിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സർവേയ്‌ക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും കാര്യനിർവഹണച്ചട്ടങ്ങൾക്കും ബഡ്ജറ്റ് മാന്വലിനും വിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു കോടതി ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സർവേയാണെന്നും പാർട്ടി ആഹ്വാനപ്രകാരമാണ് സർക്കാർ ഇത് നടപ്പാക്കിയതെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം. സർക്കാർ ഉത്തരവും മന്ത്രിസഭാ തീരുമാനവും വരുന്നതിന് മുമ്പ്, സർവേയ്‌ക്ക് വോളണ്ടിയർമാരാകാൻ നിർദ്ദേശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയതു ചൂണ്ടിക്കാട്ടിയുള്ള ഹർജിക്കാരുടെ ആരോപണങ്ങൾ തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു. ജനുവരി ഒന്നിന് തുടങ്ങിയ സർവേ ഈമാസം 28 വരെയാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ നവകേരള സർവേ തുടക്കം മുതലേ പാളിയിരുന്നുവെന്ന കണക്കുകളും കോടതി വിധിയ്ക്കു പിന്നാലെ പുറത്തുവന്നു. 85 ലക്ഷം വീടുകളിൽ സർവേ നടത്താൻ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ കയറിയത് 6 ലക്ഷം വീടുകളിൽ മാത്രമാണ്. ഗൃഹസന്ദർശനത്തിന് 85,000 വോളണ്ടിയർമാരെ നിയോഗിക്കാനാണ് തീരുമാനിച്ചതെങ്കിലും 45,000 പേരെ മാത്രമാണ് കിട്ടിയത്. ഇവരുടെ പരിശീലനവും വൈകി. പ്രതിഫലമില്ലാത്തതിനാൽ പലരും വിട്ടുനിന്നതും വിനയായി. പ്രളയത്തിന്റേയും മറ്റും പശ്ചാത്തലത്തിൽ ദുരന്ത നിവാരണ കർമ്മസേനയെ തിരഞ്ഞെടുക്കുന്നതിന് സജ്ജമാക്കിയ പോർട്ടൽ വഴിയാണ് വളണ്ടിയർമാരെ തിരഞ്ഞെടുത്തത്. ഇത് സദുദ്ദേശ്യത്തോടെയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി കേഡറുകളെ വച്ച് സർവേ നടത്താനാണ് ശ്രമിച്ചത്. ഒന്നുകിൽ സർക്കാർ തീരുമാനം പാർട്ടിക്ക് നേരത്തേ ചോർന്നു കിട്ടി, അല്ലെങ്കിൽ പാർട്ടി നിർദ്ദേശപ്രകാരമുള്ള സർവേയ്ക്ക് സർക്കാർ തീരുമാനമെടുത്തു. ഇതാണ് ഹൈക്കോടതി ഉത്തരവിലെ നിഗമനം. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ നടത്തിയ സർവേയുടെ ലക്ഷ്യങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
പി.ആർ.ഡിയുടെ പ്രത്യേക പ്രചാരണ ഫണ്ട് എന്ന ശീർഷകത്തിൽ 20 കോടി രൂപയാണ് നവകേരള സർവേയ്ക്ക് നീക്കിവച്ചത്. പരിശീലനത്തിനായി 5 ലക്ഷം വീതം 70 ലക്ഷം രൂപ ജില്ലകളിലേക്കു നൽകി. ഇതിന് പുറമേ മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ തയാറാക്കാനും പ്രചാരണം നടത്താനും പണം ചെലവിട്ടു. ഹൈക്കോടതി സർവേ തടഞ്ഞതോടെ ഇതുവരെ മുടക്കിയ പണം പാഴായി. അപ്പീൽ നൽകാത്ത പക്ഷം, സർവേയ്ക്ക് വകയിരുത്തിയ തുക പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കേണ്ട അവസ്ഥയാണ്.
സംഗമത്തിലെ ധൂർത്ത്
യുവതീപ്രവേശനത്തിന്റെ പേരിൽ ശബരിമലയിലുണ്ടായ പൊലീസ് നടപടിയുടേയും മറ്റും മുറിവുണക്കാനാണ് പമ്പാ തീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയത്. പരിപാടിയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ അടിമുടി ദുരൂഹതയാണ് ഉടലെടുത്തത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധമില്ലെന്നു പറഞ്ഞ സർക്കാർ, പഴിയെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലയിൽവച്ചു. ബോർഡ് ആകട്ടേ പെരുപ്പിച്ച കണക്കുകളാണ് പുറത്തുവന്നതെന്ന ആരോപണവുമായി അയ്യപ്പസംഗമത്തിന്റെ കരാറുകാരായിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നേരെ കുറ്റം ചാരി. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെയാണ് കരാർ നൽകിയതെന്ന വസ്തുത നിലനിൽക്കുകയാണ്. അയ്യപ്പസംഗമത്തിന്റെ വരവുചെലവു കണക്കുകൾ ഹൈക്കോടതി നിരീക്ഷണത്തിലുമാണ്. അയ്യപ്പസംഗമം വഴി ബോർഡിന് 3.40 കോടിയുടെ കടം വന്നതായി സ്വതന്ത്ര ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ബോർഡിന്റെ ഫണ്ടിൽ നിന്ന് മുൻകൂറായെടുത്ത രണ്ടു കോടിയും തിരിച്ചടയ്ക്കാനായില്ല. പ്രതീക്ഷിച്ചതു പോലെ സ്പോൺസർഷിപ്പിലൂടെ ഇതൊന്നും പിരിഞ്ഞുകിട്ടിയതുമില്ല. വേദിയുടെ അളവെടുപ്പിലും വി.ഐ.പികളുടെ ഭക്ഷണച്ചെലവിലും പൊരുത്തക്കേടെന്നും റിപ്പോർട്ടിലുണ്ട്. അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ല. കലാപരിപാടികൾക്ക് എട്ടു ലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകൾ മാത്രമാണുണ്ടായിരുന്നത്. ജി.എസ്.ടി ഇൻപുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേടുണ്ടായി.
2025 സെപ്തംബർ 20നായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അയ്യപ്പ സംഗമം. അന്നേ ദിവസം രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500ൽ താഴെപ്പേരേ കഴിച്ചുള്ളൂ. സംഗമ ദിവസം ഉച്ചയ്‌ക്ക് 5000 പേർ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്ന് പറയുന്നു. എന്നാൽ, ആകെ നാലായിരം പേർ എത്തിയെന്നാണ് സർക്കാർ കണക്ക്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നത്. 150 ബെഡ്ഡുകൾ വാങ്ങിയതിൽ 100 എണ്ണം മാത്രമാണ് കണക്കുകളിലുള്ളത്. 1,73,000 രൂപ വിലവരുന്ന 50 ബെഡ്ഡുകളുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. തുടങ്ങി കണക്കിലെ പല പൊരുത്തക്കേടുകളും ഓഡിറ്റിംഗിൽ വെളിപ്പെട്ടു. ഇതോടെ നിൽക്കള്ളിയില്ലാതായ ദേവസ്വം ബോർഡ് വീഴ്ച സമ്മതിച്ചു. സംഗമത്തിന് 7.11 കോടി ചെലവായെന്നത് കരാറുകാർ പെരുപ്പിച്ച കണക്കാണെന്നും 4.75 കോടി രൂപ മാത്രമേ നൽകൂവെന്നും ബോർഡ് അറിയിച്ചു. തുക കുറയ്ക്കാൻ കരാറുകാർ തയാറാകുമോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. അങ്ങനെ സർക്കാരിന്റെ മുഖം മിനുക്കാൻ നടത്തിയ രണ്ട് പ്രധാന പരിപാടികൾ ജാഗ്രതക്കുറവുകൊണ്ടും പൊതു ഫണ്ടിന്റെ ദുരുപയോഗം കൊണ്ടും വിപരീതഫലമായി മാറിയിരിക്കുകയാണ്.