ഇനി റംസാന്റെ പുണ്യദിനങ്ങൾ, അപരനിലേക്കുള്ള പാലം

Thursday 19 February 2026 12:23 AM IST

ഇസ്ലാമിക വിശ്വാസത്തിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണ് റമസാൻ കാലത്തെ നോമ്പ്. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമസാൻ വെറുമൊരു കാലയളവല്ല; മറിച്ച് വിശ്വാസികളുടെ ആത്മീയവും മാനസികവുമായ നവീകരണത്തിന്റെ വസന്തകാലമാണ്. പുറമെ നിന്നു നോക്കുമ്പോൾ പകൽ മുഴുവൻ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതാണ് മുസ്ലീങ്ങളുടെ നോമ്പെന്നു തോന്നും. എന്നാൽ അത് നോമ്പിന്റെ ബാഹ്യരൂപങ്ങളിൽ ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. അതൊന്നുകൊണ്ടു മാത്രം ഒരാൾ നോമ്പുകാരനായിത്തീരുന്നില്ല.

'ചില നോമ്പുകാരുണ്ട്, വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും അവർ നേടുന്നില്ല" എന്ന് മുഹമ്മദ് നബി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. നോമ്പെന്നാൽ കേവലം ഭക്ഷണം ഉപേക്ഷിക്കൽ മാത്രമല്ലെന്നു സാരം. പിന്നെയെന്താണ് അന്നപാനീയങ്ങളിൽ നിന്നുള്ള ഈ മാറിനില്പിനെ സവിശേഷമാക്കുന്നത്? നമസ്‌കാരം, ഹജ്ജ്, സകാത്ത് തുടങ്ങിയ ഇസ്ലാമിലെ മറ്റു മൂന്ന് നിർബന്ധ ആരാധനകളുടെയും നിർവഹണം പ്രകടമാകുന്നത് ഒരുകൂട്ടം പ്രവൃത്തികളിലൂടെയാണ്. എന്നാൽ നോമ്പാകട്ടെ, ഒട്ടനേകം പ്രവൃത്തികളിൽ നിന്നുള്ള മാറിനില്പാണ്! ആസക്തി ജനിപ്പിക്കുന്ന എല്ലാത്തിൽ നിന്നുമുള്ള ഒഴിഞ്ഞുനിൽക്കൽ.

ആമാശയത്തോടൊപ്പം മറ്റ് അവയവങ്ങളെക്കൂടി പരിരക്ഷിക്കുമ്പോഴാണ് വ്രതം കൂടുതൽ മൂല്യമുള്ളതാവുന്നത്. നേത്രം, ചെവി, നാവ്, കൈകാലുകൾ എന്നിവയെ സംരക്ഷിക്കാൻ ഇക്കാലയളവിൽ വിശ്വാസി സജീവ ശ്രദ്ധ നൽകണം. വർജ്യവും ദൈവിക സ്മരണകളിൽ നിന്ന് തെറ്റിക്കുന്നതുമായ സർവ ദർശനവും ഒഴിവാക്കുക, അനാവശ്യ സംസാരങ്ങൾ ഉപേക്ഷിക്കുക, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കേൾക്കാതിരിക്കുക, അപാകങ്ങൾ വരുന്നതിൽ നിന്ന് കൈകാലുകളെ മാറ്റിനിറുത്തുക എന്നിവ പ്രധാനമാണ്.

സ്രഷ്ടാവിന്റെ

വാഗ്ദാനം

സ്രഷ്ടാവിന്റെ പരമമായ തൃപ്തിക്കു വേണ്ടി സ്വന്തം വികാരങ്ങളും സന്തോഷങ്ങളും വേണ്ടെന്നുവച്ചവർ എന്നാണ് നോമ്പുകാരെ സ്രഷ്ടാവ് മലക്കുകൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 'നോമ്പ് എനിക്കുള്ളതാണ്, അതിനുള്ള അളവറ്റ പ്രതിഫലം ഞാനാണ് നൽകുന്നത്" എന്ന സ്രഷ്ടാവിന്റെ വാഗ്ദാനം,​ സൃഷ്ടിയായ മനുഷ്യനെ സ്വർഗത്തിൽവച്ച് വീണ്ടും സന്ധിക്കാനുള്ള സ്രഷ്ടാവിന്റെ അദമ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. അല്ലാഹു വാഗ്ദാനം ചെയ്ത ആത്യന്തികമായ സൽക്കാരത്തിലേക്കുള്ള മുന്നൊരുക്കമാണ് അന്നപാനീയങ്ങളിൽ നിന്നുള്ള ഈ മാറിനിൽപ്പ്. 'വിശപ്പുകൊണ്ട് സ്വർഗത്തിന്റെ വാതിൽ മുട്ടിത്തുറക്കൂ" എന്ന് പ്രിയപ്പെട്ട പത്നി ആയിശാ ബീവിയോട് തിരുനബി ഒരിക്കൽ പറയുന്നുണ്ട്. സ്രഷ്ടാവുമായുള്ള ബന്ധത്തിൽ വിശപ്പ് സവിശേഷമായ ഒരു പദവി വഹിക്കുന്നുണ്ടെന്ന് സാരം.

നോമ്പിനെ സഹന ശീലവുമായാണ് ഇസ്ലാം ബന്ധിപ്പിക്കുന്നത്. 'നോമ്പെന്നാൽ സഹനത്തിന്റെ പകുതിയാണ്. സഹനമാകട്ടെ വിശ്വാസത്തിന്റെ പകുതിയും" എന്നാണ് തിരുനബി പഠിപ്പിച്ചത്. പട്ടിണി ശരീരത്തിന്റെ അവസ്ഥയാണ്. സഹനവും പരിത്യാഗവുമാവട്ടെ ആത്മാവിന്റെ പ്രവൃത്തികളും. ശരീരത്തിന്റെ പട്ടിണിയിലൂടെ ആത്മാവിനെ വിരുന്നൂട്ടുകയാണ് വിശ്വാസികൾ ചെയ്യുന്നത്. പട്ടിണിയെന്ന പരിദേവനത്തിനപ്പുറം വിശപ്പിനും ദാഹത്തിനും വിമോചനാത്മകമായ ഭാവം നൽകുകയാണ് ഇതിലൂടെ ഇസ്ലാം ചെയ്യുന്നത്. മനുഷ്യന്റെ ആത്യന്തികമായ അതിജീവനത്തിനു വേണ്ടിയുള്ള ഊർജ്ജമാണ് ഈ സഹനത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്.

കരുതലും

കാവലും

നോമ്പ് ഒരു കാവലും കരുതലുമാണെന്ന് തിരുനബി മറ്റൊരിടത്ത് പറയുന്നുണ്ട്. ഈ സഹനത്തിലൂടെയും പരിത്യാഗത്തിലൂടെയുമാണ് സ്വയം നവീകരണത്തിന് ആവശ്യമായ ശേഷികൾ മുസ്ലീങ്ങൾ കൈവരിക്കുന്നത്. ഭൂമിയിലെയും ആകാശത്തെയും പീഡനങ്ങളിൽ നിന്ന് അത് അവർക്ക് കാവൽ നിൽക്കുന്നു. ഭൂമുഖത്ത് തനിക്കു ലഭിച്ച അനുഗ്രഹങ്ങൾക്കുള്ള നന്ദിപ്രകടനം കൂടിയാവുന്നുണ്ട്,​ വ്രതകാലം. അന്നപാനീയങ്ങളിൽ നിന്നും മറ്റു ശാരീരിക സുഖങ്ങളിൽ നിന്നും സ്രഷ്ടാവ് തടഞ്ഞുനിറുത്തിയപ്പോൾ, ആ അനുഗ്രഹങ്ങൾ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോൾ അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നൽകുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോദ്ധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദിപറയാൻ വ്രതനേരങ്ങൾ വിശ്വാസി ഉപയോഗപ്പെടുത്തുന്നു.

സന്തോഷം നൽകിയ കാര്യങ്ങൾ ഒരുവേള കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്ക് അതിന്റെ വില മനസിലാവുക. 'നിങ്ങൾ നന്ദിയുള്ളവരാവാൻ വേണ്ടി" (2:185) എന്ന ഖുർആൻ അദ്ധ്യാപനവും ഈ സന്ദേശമാണ് ഓർമ്മപ്പെടുത്തുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക്,​ അല്ലാഹു തങ്ങൾക്കു നൽകിയ സമ്പത്തിനെയും ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് ബോദ്ധ്യപ്പെടാനും അത് തിരിച്ചറിഞ്ഞ് സ്രഷ്ടാവ് തൃപ്തിപ്പെട്ട മാർഗത്തിലേക്ക് തങ്ങളുടെ ധനത്തിൽ നിന്ന് പങ്കു നൽകാനും വ്രതകാലം പ്രേരിപ്പിക്കും.

മനുഷ്യന്റെ ഉപഭോഗ രീതികൾ പുനർവിചിന്തനം ചെയ്യപ്പെടുന്ന കാലം കൂടെയാണ് റമസാൻ. ഈ ഭൂമിയിലുള്ളതെല്ലാം നമുക്കു മാത്രമുള്ളതല്ലെന്നും,​ നമ്മൾ ആഗ്രഹിക്കുന്ന സമയത്തൊക്കെയും നമുക്ക് ഇതെല്ലാം ലഭ്യമാവുകയില്ലെന്നും നോമ്പുകാരൻ മനസിലാക്കുന്നു. മിതമായ ഉപഭോഗരീതിയെ പ്രയോഗവത്കരിക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകൾ മനസിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാന പുണ്യങ്ങളിൽ ഒന്നാണ്. നോമ്പിന്റെ അവസാന ദിവസം, പെരുന്നാളിനു മുമ്പായി, അന്നേദിവസത്തെ ചെലവ് കഴിച്ച് ബാക്കി പണം കൈയിലുള്ളവരൊക്കെയും ആവശ്യക്കാർക്ക് ധാന്യങ്ങൾ കൊടുക്കുന്നത് ഈ സാമൂഹിക ബോധത്തിന്റെ പൂർണതയെ കുറിക്കാനാണ്.

വീടുകളിൽ വരുന്ന മനുഷ്യരെയെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി ചേർത്തുപിടിക്കുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളിൽ പ്രിയപ്പെട്ടതാണ്. നമ്മുടെ നൈമിഷികമായ സന്തോഷത്തിനു വേണ്ടി ആരെയും നോവിക്കരുതെന്നത് നോമ്പുകാരനിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ്. ശരീരം കൊണ്ടും മനസുകൊണ്ടും അവരോടൊപ്പം ജീവിക്കുമ്പോഴേ നമ്മുടെ നോമ്പ് പൂർണമാവുകയുള്ളൂ. നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളിൽ ഒന്നായി ഇഫ്താറിനെ പരിചയപ്പെടുത്തുന്നതും ഈ സാമൂഹ്യബോധത്തിൽ നിന്നുകൊണ്ടാണ്. വിശപ്പിന്റെ വേദനയറിയുമ്പോൾ വിശക്കുന്നവനെ കാണാനും അവരെ പരിഗണിക്കാനും നമുക്ക് സാധിക്കുന്നു. അവരെ ഭക്ഷിപ്പിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

ജൈവികതയിലേക്ക്

നോമ്പിലൂടെ മടക്കം

നോമ്പ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവമാണെങ്കിലും അതുണ്ടാക്കുന്ന സാമൂഹികാനുഭവങ്ങൾ വലുതാണ്. സൽപ്രവർത്തനങ്ങൾക്ക്, അപരന് സന്തോഷമുണ്ടാവുന്ന കർമ്മങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ ഈ ദിനങ്ങളിൽ കാരുണ്യപ്രവർത്തനങ്ങളും ഭക്ഷ്യ വിതരണവും നിർദ്ധനരെ ചേർത്തുപിടിക്കലുകളും സജീവമായി നടക്കുന്നു. അതിലൂടെ അഹംബോധത്തിനപ്പുറം സാമൂഹികജീവിയെന്ന മനുഷ്യന്റെ ജൈവികാവസ്ഥ കൈവരിക്കാൻ പരിശ്രമിക്കുന്നു. ഇത് മനുഷ്യകുലത്തിന്റെ മുന്നോട്ടുപോക്കിൽ വലിയ ചലനമുണ്ടാക്കുന്നു.

ഈ ജൈവികതയെ പ്രാപിക്കുമ്പോഴാണ് നോമ്പ് ഒരു കാരുണ്യമായിത്തീരുന്നതും, സഹജീവികളോടുള്ള കരുതലും മനുഷ്യവംശത്തോടുള്ള പ്രതിബദ്ധതയുമായി വളരുന്നതും. ഈ സാമൂഹിക ഭാവം ഉൾക്കൊള്ളുമ്പോഴാണ് വിശപ്പിനും ദാഹത്തിനുമപ്പുറം സ്വർഗത്തിന്റെ വാതിലുകൾ മുട്ടിത്തുറക്കുന്ന താക്കോലായി റമസാൻ നോമ്പ് മാറുന്നത്. ചുറ്റുമുള്ളവരെക്കൂടി ഉൾകൊള്ളുന്ന മനസ് കൈവരിക്കാൻ പാകപ്പെടുത്തുന്ന പരിശീലനകാലമാവട്ടെ,​ ഈ റമസാൻ.

(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)