വീണ്ടും ഒരു വനരോദനം

Thursday 19 February 2026 12:26 AM IST

ഇത് ഒരു പരിദേവനമോ പ്രതിഷേധക്കുറിപ്പോ അല്ല. ഇനി കുറിക്കുന്ന കാര്യങ്ങൾക്ക് പരിഗണന കിട്ടുമെന്ന പ്രതീക്ഷയുമില്ല. ബധിരകർണങ്ങളിലാവും ഇത് പതിക്കുക. അങ്ങനെ ഇതൊരു വനരോദനമായി പര്യവസാനിക്കാം. എന്നാലും എഴുതാതെ വയ്യ. ഈയുള്ളവന്റെ മാത്രം വികാരമോ വിചാരമോ അല്ല. ഇതേ രീതിയിൽ ചിന്തിക്കുന്ന ഒത്തിരി പേരുണ്ടാവും. അവർക്കുകൂടി വേണ്ടിയാണ് ഈ കുറിപ്പ്. ഒരു പൊതു പണിമുടക്കിനു കൂടി പ്രബുദ്ധ കേരളം സാക്ഷ്യം വഹിച്ചു. അഖിലേന്ത്യാ തലത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു, ഈ വർഷത്തെ ആദ്യത്തെ പൊതു പണിമുടക്ക്.

കേരളത്തിൽ പൂർണ വിജയം, പൊതുവെ സമാധാനപരം. കട- കമ്പോളങ്ങൾ തുറക്കാതെ, വാഹനങ്ങൾ ഓടാതെ, പണിയെടുക്കണം എന്ന് ആഗ്രഹമുള്ളവർക്കു പോലും അതിന് സാധിക്കാതെ, പൊതു ജീവിതമാകെ സ്തംഭിക്കുമ്പോഴാണല്ലോ സമരം വിജയിക്കുന്നതും ജനം തോൽക്കുന്നതും. ഫെബ്രുവരി പന്ത്രണ്ടിന് അതുതന്നെ സംഭവിച്ചു. ജനാധിപത്യത്തിൽ, അസംഘടിത ഭൂരിപക്ഷത്തിനു മേൽ സംഘടിത ന്യൂനപക്ഷം നേടിയ വിജയം.

പൊതു പണിമുടക്ക്, മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതു പോലെ, ബന്തായി മാറിയത് കേരളത്തിൽ മാത്രം. ഇതര സംസ്ഥാനങ്ങളിൽ പണിമുടക്കിന്റെ പ്രതീതി പോലും ഉണ്ടായില്ലത്രെ. ഇന്ത്യയിൽ മറ്റൊരിടത്തും ജനജീവിതത്തെ തെല്ലും ബാധിച്ചില്ല എന്നർത്ഥം. തൊഴിലാളികളും തൊഴിലാളി സംഘടനകളും കേരളത്തിൽ മാത്രമല്ല. പണിമുടക്കിനു കാരണമായ പ്രശ്നങ്ങളും കേരളത്തെ മാത്രമല്ല ബാധിക്കുന്നത്. എന്നിട്ടും എന്തേ പണിമുടക്ക് ഇവിടെ മാത്രം ബന്തായി മാറി എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ. നാം എപ്പോഴും കേൾക്കാറുള്ള, 'ഇത് കേരളമാണ് " എന്നതു മാത്രം!

പൊതു പണിമുടക്കിന് തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തു നടന്ന, സി.ഐ.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, വ്യവസായികളുടെ സംഘടനയായ 'കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി"യുടെ ഉന്നതതല യോഗത്തിൽ ബന്തിനെക്കുറിച്ച് ഇതേ ചോദ്യം ഉയർന്നിരുന്നു. അതിൽ പങ്കെടുക്കവേ, മുഖ്യമന്ത്രി പിണറായി വിജയനോടാണ് ചോദ്യം ഉന്നയിച്ചത്. എന്തുകൊണ്ട് കേരളത്തിൽ മാത്രം ഇങ്ങനെ സംഭവിക്കുന്നു എന്നായിരുന്നു ആ ചോദ്യം. ഒട്ടും അമാന്തിക്കാതെ, ആലോചിക്കാതെ മുഖ്യമന്ത്രി തൽക്ഷണം മറുപടിയും നൽകി. 'ഇന്നലെ നടന്നത് തുടരുക തന്നെ ചെയ്യും. അതിഗുരുതരമായ ലേബർ കോഡിന് എതിരെയാണ് അത്. അത്തരം പ്രശ്നങ്ങൾക്കെതിരെ കേരളം എന്നും മുൻപന്തിയിൽത്തന്നെ ഉണ്ടാവും."- മുഖ്യമന്ത്രി പ്രതികരിച്ചു. അതെ, ഇത് കേരളമാണ് എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞു വച്ചത്.

പൊതു പണിമുടക്കെന്നോ, ഹർത്താൽ എന്നോ ബന്ത് എന്നോ എന്തു പേരിട്ട് വിളിച്ചാലും, ജനജീവിതം സ്തംഭിപ്പിക്കുന്ന സമരത്തിന്റെ രാഷ്ട്രീയമോ സാമ്പത്തികമോ ഉത്പാദനപരമോ ആയ ലാഭനഷ്ടങ്ങളെപ്പറ്റി ഇവിടെ ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. ചെയ്യണമെന്നുമില്ല. പക്ഷെ, കേരളത്തിന്റെ പ്രതിച്ഛായയെ ഇത്തരം സ്തംഭിപ്പിക്കൽ സമരങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന് ചർച്ച ചെയ്തേ മതിയാവൂ- കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തിക്കാട്ടാൻ പാടുപെടുന്ന ഈ വേളയിൽ! ഐതിഹാസിക തൊഴിൽ സമരങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്; അതിൽ നാം അഭിമാനം കൊള്ളാറുമുണ്ട്. 'കയർ പിരിക്കും തൊഴിലാളിക്കൊരു കഥയു,​ണ്ടുജ്ജ്വല സമരകഥ " എന്ന് വയലാർ അഭിമാനത്തോടെ പണ്ട് പാടിയിട്ടുണ്ട്. മറുവശത്ത് ഒരു 'സമര സന്തുഷ്ട സംസ്ഥാനം" എന്ന ദുഷ്പ്പേരും പണ്ടേ കേരളത്തിന് ലഭിച്ചിട്ടുണ്ട് എന്നതും അവഗണിക്കാനാവില്ല.

ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിക്കെതിരെ കേരള ഹൈക്കോടതി വിധിച്ചിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ബന്തിന് ഹൈക്കോടതിഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. അതോടെയാണ് അതിന് ഹർത്താൽ എന്നും പൊതു പണിമുടക്ക് എന്നും പേരുമാറ്റം സംഭവിച്ചത്. വ്യക്തവും ശക്തവുമായ കോടതി വിലക്ക് നിലനിൽക്കവേ തന്നെ, നൂറുകണക്കിന് സ്തംഭിപ്പിക്കൽ സമരങ്ങൾ ഇവിടെ വിജയകരമായി നടന്നു. ഇപ്പോഴും അവ തുടരുന്നു. തൊഴിലാളി സംഘടനകൾ മാത്രമല്ല ബന്തായി പരിണമിക്കുന്ന ഹർത്താലിനോ പൊതു പണിമുടക്കിനോ ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ കക്ഷികൾ മുതൽ മത സംഘടനകൾ വരെ ജനജീവിതം താറുമാറാക്കുന്ന സമരങ്ങൾക്ക് ഇവിടെ നേതൃത്വം നൽകുകയും അവ വിജയിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്യാറുണ്ട്.

സ്വാതന്ത്ര്യത്തിനു മുമ്പ്, ബ്രിട്ടീഷുകാരെ മുട്ടുകുത്തിക്കാനായി, ഗാന്ധിജി തുടങ്ങി വച്ചതാണ് ഹർത്താലും പൊതു പണിമുടക്കും ഒക്കെ. അവ ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ പൊതുവെയും, കേരളത്തിൽ പ്രത്യേകിച്ചും, ഫലത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാനും വികസനം വഴി മുടക്കാനും വേണ്ടിയായി മാറിയിരിക്കുന്നു. ഇതിനെതിരെ ഒറ്റപ്പെട്ട ശബ്ദം ഇടയ്ക്കിടെ ഉയരാറുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തിയിരുന്ന, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെപ്പോലെ ചില പ്രമുഖർ ബന്തിനെതിരെ പണ്ടേ പ്രതികരിച്ചിരുന്നു. അവരാരും തൊഴിലാളിയുടെ താത്പര്യങ്ങളെ എതിർക്കുന്നവരല്ലെന്ന് ഓർക്കുക. കേന്ദ്ര സർക്കാർ ഇടക്കാലത്ത് നിയോഗിച്ച കെ.ടി. തോമസ് കമ്മിറ്റിയും ഫാലി നരിമാൻ കമ്മിറ്റിയും സമരത്തിന്റെ മറവിൽ ജനജീവിതം തടസപ്പെടുത്തുന്നതിനെ എതിർത്തിട്ടുണ്ട്.

കേരളത്തിൽ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കെ, ബന്തും ഹർത്താലും ജനവിരുദ്ധമായി മാറുന്നത് തടയാൻ ഒരു ബിൽ പോലും നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. എം.എം. ഹസൻ ഒരവസരത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ബന്തിനെതിരെ നിരാഹാരം അനുഷ്ഠിച്ചുവെന്നാണ് ഓർമ്മ. ഇക്കഴിഞ്ഞ പൊതു പണിമുടക്കിനെപ്പറ്റിയും അസന്ദിഗ്ദ്ധമായാണ് ശശി തരൂർ 'ഫേസ് ബുക്കി"ൽ പ്രതികരിച്ചത്. 'ലോകവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നാൽ ആധുനികവും നിക്ഷേപകസൗഹൃദവുമായ ലക്ഷ്യസ്ഥാനമായി കേരളത്തിന് മാറാൻ കഴിയില്ല. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാൻ പിന്തുണയ്ക്കുന്നുവെങ്കിലും,​ മറ്റൊരാളുടെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്താനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നില്ല." തരൂർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കഴിഞ്ഞ പൊതു പണിമുടക്ക് ഈ രീതിയിൽ വേണോ എന്ന് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.