ശക്തിയാർജ്ജിക്കുന്ന ഇന്ത്യാ- ഫ്രാൻസ് സൗഹൃദം
അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ലോകക്രമത്തിന് കൂടുതൽ ഉറപ്പും സമാധാനവും നൽകാൻ ഉതകുന്നതാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണമെന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വികസനത്തിന്റെ 2047-ലേക്കുള്ള പാതയ്ക്ക് ബലം പകരുന്നതാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുംബയ് ലോക്‌ഭവനിലെ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ ആഗോള പ്രസക്തി ചൂണ്ടിക്കാട്ടിയത്. ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറായതിനു പുറമെ, പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ഫ്രാൻസും ഇരട്ട നികുതി ഒഴിവാക്കാനുള്ള സുപ്രധാന കരാറിൽ ഒപ്പിടുകയും ചെയ്തു. ഇരട്ട നികുതി ഒഴിവാക്കുന്നതോടെ ഇന്ത്യൻ സ്ഥാപനങ്ങൾ ഫ്രാൻസിനു നൽകുന്ന നികുതി ബാദ്ധ്യതയിൽ വലിയ കുറവുണ്ടാകും. ഇത് പരസ്‌പര വ്യാപാരം, നിക്ഷേപം, ചലനാത്മകത എന്നിവയെ ഉത്തേജിപ്പിക്കുമെന്ന് മോദി എടുത്തുപറഞ്ഞു.
ഫ്രാൻസുമായുള്ള ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സഹകരണം ഇന്ത്യയുമായി ശത്രുത പുലർത്തുന്ന ചില രാജ്യങ്ങളുടെ ഉറക്കംകെടുത്താൻ പോന്നതാണ്. 'ഓപ്പറേഷൻ സിന്ദൂറി"ൽ ഫ്രാൻസിന്റെ റാഫേൽ വിമാനങ്ങളും മിസൈലുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു. മാരക പ്രഹരശേഷിയുള്ള ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറിൽ ഫ്രാൻസിലെ സഫ്രാൻ കമ്പനിയും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഒപ്പിട്ടിരിക്കുകയാണ്. ഇതിന്റെ നിർമ്മാണത്തിനും പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുന്നതാണ്. പ്രതിരോധ രംഗത്ത് സഹകരണം അടുത്ത പത്തു വർഷത്തേക്ക് തുടരാനുള്ള കരാറാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി റാഫേൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ഇന്ത്യയിൽത്തന്നെ നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതായിരിക്കും. ഇതിനു പുറമെ ഇരുസേനകളുടെ യുദ്ധരീതികൾ പരസ്പരം പഠിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി മിലിട്ടറി ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കാനും ധാരണയായി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിലുള്ള അടുത്ത സഹകരണം തന്ത്രപരമായി ഒട്ടേറെ പ്രാധാന്യമർഹിക്കുന്നതാണ്.
പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും വെർച്വലായി ഉദ്ഘാടനം ചെയ്ത കർണാടകയിലെ കോളാറിൽ തുടങ്ങുന്ന എയർബസ് എച്ച് 125 ഹെലികോപ്റ്ററിന്റെ ഫൈനൽ അസംബ്ളി യൂണിറ്റ് ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഹെലികോപ്റ്റർ നിർമ്മാണ സ്ഥാപനമായിരിക്കും. ഹെലികോപ്റ്ററിന്റെ നിർമ്മാണത്തിലും പരിപാലനത്തിലും സഹകരിക്കുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പായി ടാറ്റാ ഇതോടെ മാറുകയാണ്. ആദ്യഘട്ടത്തിൽ സിവിൽ യാത്രയ്ക്കുള്ള ഹെലികോപ്റ്ററുകളാവും ഇവിടെ നിർമ്മിക്കുക. രണ്ടാം ഘട്ടത്തിൽ പ്രതിരോധ ആവശ്യത്തിനുള്ള, കൂടുതൽ സവിശേഷതകളും മികവുമുള്ള ഹെലികോപ്റ്ററുകളും നിർമ്മിക്കും. 2027-ൽ ഇവിടെ നിന്ന് ആദ്യ ഹെലികോപ്റ്റർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിമാനങ്ങൾ കയറ്റുമതി ചെയ്യാനും ധാരണയായിട്ടുണ്ട്.
ടാറ്റാ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയുമായാണ് ഫ്രാൻസ് ഇതിനുള്ള കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ആയിരം കോടി രൂപയുടെ നിക്ഷേപം ഇതിന് വേണ്ടിവരുമെന്ന് ചടങ്ങിൽ സന്നിഹിതനായിരുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ 500 ഹെലികോപ്റ്ററുകൾ ഇവിടെ നിന്നും പുറത്തിറക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത കർണാടക വ്യവസായ വകുപ്പ് മന്ത്രി എം.ബി. പട്ടീൽ അറിയിച്ചു. പ്രോജക്ടിനായി കർണാടക സർക്കാർ 17 ഏക്കർ ഭൂമിയാണ് വിട്ടുകൊടുത്തത്. ഫ്രാൻസിൽ സ്വാമി വിവേകാനന്ദ കേന്ദ്രം തുടങ്ങാനും, 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ അവസരം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഇത്തരം സുപ്രധാനമായ കരാറുകളിലൂടെ ഇന്ത്യാ - ഫ്രാൻസ് ബന്ധം ആഗോളതലത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പങ്കാളിത്തമായാണ് മാറുന്നത്.