തുടരുന്ന തെരുവുനായ ആക്രമണം, നഷ്ടപരിഹാരമില്ലാതെ പരിക്കേറ്റവർ

Thursday 19 February 2026 12:08 AM IST
തെരുവുനായ ആക്രമണം

കണ്ണൂർ: ജില്ലയിൽ തെരുവുനായ ആക്രമണം വർദ്ധിച്ചു വരുമ്പോഴും നഷ്ടപരിഹാരം ലഭിക്കാതെ പരിക്കേറ്റവർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 82,694 പേർക്കാണ് ജില്ലയിൽ തെരുവുനായ കടിയേറ്റത്. കഴിഞ്ഞ വർഷം മാത്രം 17,633 പേർക്ക് കടിയേറ്റു. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 15.02 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഇതിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആറു പേർ പേ വിഷബാധയേറ്റ് ജില്ലയിൽ മരണപ്പെടുകയുമുണ്ടായി.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ചെയർപേഴ്സൺ ആയി ജില്ലാതല സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ (എസ്.ഡി.വി.സി.ആർ.സി ) കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിൽ ഇതുവരെയായി വെറും ഏഴു പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. കാസർകോട് ജില്ലയിൽ അഞ്ചുവർഷത്തിനിടെ 45,884 പേർ തെരുവുനായ ആക്രമണം നേരിട്ടപ്പോൾ ഒരാൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.

പരിക്കേറ്റവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ദുരിതാശ്വാസ നിധിയിൽ നിന്നോ ചികിത്സാച്ചെലവിനുൾപ്പെടെ നഷ്ടപരിഹാരം നൽകുന്നില്ലെന്നാണ് ആക്ഷേപം. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം രൂപവത്കരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് നിലച്ചതോടെയാണ് കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതുവരെയും കമ്മിറ്റി പൂർണ്ണമായ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിൽ നിലവിൽ നഷ്ടപരിഹാരം ലഭിച്ചതെല്ലാം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.

കണ്ണൂരിൽ തീർപ്പാക്കാനുള്ളത് 1,083 പരാതികൾ

ജില്ലയിൽ ഇതുവരെ നഷ്ടപരിഹാരത്തിനായി ആയിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിൽ മാത്രം തീർപ്പാക്കാനുള്ളത് 1,083 പരാതികളാണ്. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം പലർക്കും അറിയാത്ത സാഹചര്യവുമുണ്ട്. ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗ് കഴിഞ്ഞ 12ന് നടന്നിരുന്നു. ജില്ലയിൽ 2017 മുതലുള്ള പരാതികൾ പരിഗണിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

വളർത്തുമൃഗങ്ങൾ ചത്തതിനും നഷ്ടപരിഹാരമില്ല

തെരുവുനായയുടെ കടിയേറ്റ് വളർത്തുമൃഗങ്ങൾ ചത്ത കർഷകർക്ക് ലഭിക്കാനുള്ള നഷ്ടപരിഹാര തുകയും ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ജില്ലയിൽ വെറും 17 കർഷകർക്ക് മാത്രമാണ് നഷ്ടപരിഹാര തുക ലഭിച്ചത്. കാസർകോട് 76 പേർക്ക് ലഭിച്ചു. സംസ്ഥാനത്ത് ആകെ 1675 പേർക്കാണ് ഈ കാലയളവിൽ നഷ്ടപരിഹാരം ലഭിച്ചത്.

കണ്ണൂരിൽ തെരുവുനായ കടിയേറ്റവർ

2021-15299

2022-18584

2023-15760

2024-15418

2025-17633