ഉപദേശിക്കടവ് പാലം ഇന്ന് നാടിന് സമർപ്പിക്കും
മാന്നാർ: കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം- പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയുള്ള ഉപദേശിക്കടവ് പാലം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് 4ന് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.. സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ അനുവദിച്ച് 2020 സെപ്റ്റംബർ 17നാണ് പാലം നിർമ്മാണം തുടങ്ങിയത്. 13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ് പാലം നിർമ്മിച്ചത്.
പാലവും സമീപനപാതയും ഉൾപ്പെടെ 810 മീറ്ററാണ് ദൂരം. ഇതിൽ പാലം മാത്രം 206 മീറ്റർ വരും. പരുമലപള്ളി, പനയന്നാർകാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളേജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ കുരുക്കിൽപ്പെടാതെ പെട്ടെന്ന് എത്താൻ ഈ പാലം സഹായിക്കും. പാലം യാഥാർത്ഥ്യമായെങ്കിലും അനുബന്ധമായുള്ള ഉപദേശിക്കടവ് - തിക്കപ്പുഴ റോഡ് പുനർനിർമ്മാണത്തിനായുളള കാത്തിരിപ്പിലാണ് നാട്ടുകാർ.
നിർമ്മാണ ചെലവ്
₹25കോടി
പാലത്തിന്റെ സ്പാനുകൾ
13
നാടിന്റെ പേരു മാറ്റിയ കടത്ത് ഇനി ഓർമ
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പരുമല ദേശത്ത് ഒരു പാലം കൂടി ഇന്ന് നാടിന് സമർപ്പിക്കുമ്പോൾ ഓർമ്മയാകുന്നത് അവസാനത്തെ കടത്തുകടവ് കൂടിയാണ് പ്രദേശത്തിന്റെ പേര് തന്നെ മാറ്റിമറിച്ച കടത്താണ് ഇവിടെ ഇല്ലാതാകുന്നത്. പരുമലയിൽ എല്ലായിടങ്ങളിലുമായി ഏതാണ്ട് എട്ട് കടത്തുകളാണ് ഉണ്ടായിരുന്നത്. പരുമല, ഇല്ലിമല, കോട്ടയ്ക്കൽ കടവ് എന്നിവിടങ്ങളിലെ മൂന്നു പാലങ്ങൾ വന്നതോടെ ഏഴ് കടത്തുകളും അപ്രത്യക്ഷമായി. നാലാമത്തെ പാലമായ ഉപദേശിക്കടവ് പാലത്തിന്റെ വരവോടുകൂടി എട്ടാമത്തെ കടത്തും ഓർമയാവുമ്പോൾ പരുമലയുടെ നാല് ദിക്കിലും പാലമായി എന്ന സവിശേഷതയും ഉണ്ട്. വാഹനങ്ങൾ പരിമിതമായ കാലത്ത് തിരുവല്ല,പുളിക്കീഴ്, തിരുവൻവണ്ടൂർ ക്ഷേത്രം, പമ്പാ ഷുഗർഫാക്ടറി എന്നിവിടങ്ങളിലേക്കും മറ്റും വേഗത്തിൽ എത്തിപ്പെടാനുള്ള മാർഗമായിരുന്നു ഈ കടത്ത്.
വർഷങ്ങൾക്കു മുമ്പ് കടവിന്റെ പേര് കോയിക്കൽ കടവ് എന്നായിരുന്നു. കടവിനടുത്തുള്ള പല വീട്ടുപേരുകളും ഇന്നും അറിയപ്പെടുന്നത് ഇതേ പേരിലാണ്. ഉപദേശി എന്ന് വിളിക്കുന്ന ഒരാളായിരുന്നു മുമ്പ് ഇവിടുത്തെ കടത്തുകാരൻ. നീണ്ട നാൾ ഈ കടത്ത് വള്ളത്തിൻറെ അമരക്കാരനായി ഉപദേശി മാറിയതോടെ പഴയ കോയിക്കൽ കടവ് ഉപദേശിക്കടവായി മാറി.