പി.എസ്.എൽ.വി.പരാജയം: ഡോവൽ ഇടപെട്ടതോടെ പുതിയ അന്വേഷണ സമിതി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ റോക്കറ്റായ പി.എസ്.എൽ.വി.യുടെ തുടർച്ചയായ രണ്ട് പരാജയങ്ങളെ സംബന്ധിച്ച അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പുതിയ സമിതിയെ നിയോഗിച്ചു.
റാേക്കറ്റ് നിർമ്മിച്ച വി.എസ്.എസ്.സിയിൽ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് എത്തി വിഷയം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ.കെ.വിജയരാഘവന്റെയും മുൻ ഐ.എസ്.ആർ.ഒ. ചെയർമാനും പ്രമുഖശാസ്ത്രജ്ഞനുമായ ഡോ.എസ്.സോമനാഥിന്റേയും നേതൃത്വത്തിലുള്ള പുതിയ സമിതിക്ക് അന്വേഷണം കൈമാറിയത്.
സാധാരണ റോക്കറ്റ് വിക്ഷേപണങ്ങൾ പരാജയപ്പെട്ടാൽ ഐ.എസ്.ആർ.ഒ.യുടെ തന്നെ വിദഗ്ധരടങ്ങിയ സമിതി വിശകലനം നടത്തി പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയുമാണ് പതിവ്. ഇത്തവണ മുൻ ചെയർമാൻ ഡോ.കെ.ശിവന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.നാരായണന് കൈമാറുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും സുരക്ഷാ ഉപദേഷ്ടാവ് രംഗത്ത് വരികയും ചെയ്തത്.
കഴിഞ്ഞവർഷം മേയ് 18നും ഈ വർഷം ജനുവരി 12നുമാണ് പി.എസ്.എൽ.വി.റോക്കറ്റുകൾ തകർന്നത്. ഈ വർഷം നടത്തിയ വിക്ഷേപണത്തിൽ നഷ്ടമായ 16 ഉപഗ്രഹങ്ങൾക്കൊപ്പം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.വികസിപ്പിച്ച ഇന്ത്യൻ സൈനിക ഉപഗ്രഹമായ അന്വേഷയും ഉണ്ടായിരുന്നു.അതും നഷ്ടമായി.ഇതോടെയാണ് വിഷയം കേന്ദ്രസർക്കാർ ഗൗരവത്തിലെടുത്തത്. അട്ടിമറി സാധ്യതയും തള്ളുന്നില്ല.