പാലം കയറാതെ വികസനം: കാത്തിരിപ്പിൽ ചെല്ലഞ്ചിപ്പാലം

Thursday 19 February 2026 2:13 AM IST

പാലം സാമൂഹിക വിരുദ്ധരുടെ താവളം

കല്ലറ: ചെല്ലഞ്ചിപ്പാലം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ടൂറിസം വികസന പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുന്നു.തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയെയും,​പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റർ നീളത്തിൽ പണിത പാലം കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022ൽ പ്രഖ്യാപിച്ചത്.

വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.പാലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായതോടെ,​പ്രദേശവാസികൾക്കുപോലും ഇതുവഴി സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്. പ്രദേശത്ത് സുരക്ഷ ഒരുക്കി,​പ്രഖ്യാപിച്ച പദ്ധതികളെല്ലാം എത്രയും വേഗം നടപ്പാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.

പ്രഖ്യാപിച്ചിരുന്നത്

1)​ സ‍ഞ്ചാരികൾക്ക് ഇരിപ്പിടങ്ങൾ

2)​ കുട്ടികളുടെ പാർക്ക്

3)​ മാലിന്യനിക്ഷേപം തടയാൻ പാലത്തിന്

മുകളിൽ ഫെൻസിംഗുകൾ

4)​ നിരീക്ഷണത്തിന് സി.സി ടിവി ക്യാമറകൾ 5)​ സഞ്ചാരികൾക്കായി കഫ്ടീരിയ

ആകെ നടന്നത്

1)​ നന്ദിയോട് പഞ്ചായത്ത് നാല് ക്യാമറകൾ സ്ഥാപിച്ചു

2)​ അപകട സൂചനാബോർഡ് സ്ഥാപിച്ചു

3)​ പ്രദേശവാസികളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ചെല്ലഞ്ചിപ്പാലം വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും, പ്രൈവറ്റ് ബസ് സർവീസും ആരംഭിച്ചു

4)​ ഡി.കെ.മുരളി എം.എൽ.എയുടെ ഇടപെടലിലൂടെ ചെല്ലഞ്ചി പാലം ഉൾപ്പെടുന്ന 13.5 കിലോമീറ്റർ നീളത്തിലുള്ള റോഡിനായി 13.45 കോടി രൂപ അനുവദിച്ചു.

എളുപ്പം എത്താം

വർക്കല ബീച്ചിൽ നിന്ന് ആറ്റിങ്ങൽ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി അനായാസം പൊന്മുടിയിലേക്ക് ചെല്ലഞ്ചി പാലം വഴിയെത്താനാവും