ജലവിതരണ നിയന്ത്രണം, ജനം വെള്ളംകുടിക്കും !

Wednesday 18 February 2026 11:36 PM IST

ആലപ്പുഴ: ദേശീയ പാത വികസനത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച അമ്പലപ്പുഴ കച്ചേരി മുക്കിലെ പൈപ്പ് ലൈൻ കരുമാടി പ്ളാന്റുമായി ബന്ധിപ്പിക്കാൻ മാർച്ച് 2 മുതൽ 4വരെ ഏർപ്പെടുത്തിയ ജലവിതരണ നിയന്ത്രണം നഗരത്തെയും സമീപ പഞ്ചായത്തുകളെയും ദുരിതത്തിലാക്കും. പരീക്ഷയുടെയും നോമ്പിന്റെയും കാലമാണ് വരാനിരിക്കുന്നത്.

വേനലിന്റെ ഭാഗമായി കുടിവെള്ള സ്രോതസുകളിലെ ജലക്ഷാമം പമ്പിംഗിനെയും ജല വിതരണത്തെയും മുൻകാലങ്ങളിലേക്കാൾ ഇത്തവണ ബാധിച്ചിട്ടുണ്ട്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ അധികമായി നൽകിയ കണക്ഷനുകൾക്ക് കൂടി വെള്ളംവിതരണം ചെയ്യേണ്ടിവരുന്നതാണ് പ്രശ്നം. പുതിയ കുഴൽക്കിണറുകളോ പമ്പ് ഹൗസുകളോ ജൽജീവൻ പദ്ധതിയ്ക്കായി നിർമ്മിച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള പമ്പ് ഹൗസുകളെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്.

അമ്പലപ്പുഴയിൽ ദേശീയപാതയിലെ പ്രധാന കുടിവെള്ള ലൈനിനെ കരുമാടി പ്ളാന്റിൽ നിന്നുള്ള പൈപ്പ് ലൈനുമായി ഘടിപ്പിക്കാൻ മൂന്നുദിവസം ജലവിതരണം നിർത്തിവയ്ക്കേണ്ടിവരുമ്പോൾ ആലപ്പുഴ മുനിസിപ്പാലിയിലും മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളംസൗത്ത്, അമ്പലപ്പുഴസൗത്ത് , നോർത്ത്, പുന്നപ്ര സൗത്ത്, നോർത്ത്, പുറക്കാട് പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും.

ആലപ്പുഴ നഗരത്തിൽ വഴിച്ചേരിയിലെ ട്യൂബ് വെല്ലിൽ നിന്ന് പമ്പിംഗ് സാദ്ധ്യമാക്കി അതിന്റെ പരിധിയിലുള്ള സ്ഥലങ്ങളിഷ ജലവിതരണം നടത്താം. തദ്ദേശ സ്ഥാപനങ്ങൾക്ക് വരൾച്ചദുരിതാശ്വാസ പദ്ധതിയുടെ ഭാഗമാ യിടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് ദുരന്ത നിവാരണ അതോറിട്ടി അനുമതി നൽകിയിട്ടുണ്ട്. വഴിച്ചേരിയിലെ ട്യൂബ് വെല്ലിൽ നിന്നും കരുമാടി പ്ളാന്റിൽ നിന്നും ടാങ്കറുകൾക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്താൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജലവിതരണം സാദ്ധ്യമാകും.

ആര്യാട് , പുറക്കാട്, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്തുകൾ 2 വീതം ടാങ്കറുകളിലും മണ്ണഞ്ചേരി പഞ്ചായത്ത് 4 ടാങ്കറുകളിലും കുടിവെള്ളം വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭയും തങ്ങളുടെ ടാങ്കറുകളെ ജലവിതരണത്തിനായി നിയോഗിക്കും.

വെള്ളം മുടങ്ങുന്നത് മൂന്ന് ദിവസം

1. മൂന്നുദിവസത്തെ ഉപയോഗത്തിനാവശ്യമായ വെള്ളം വീടുകളിൽ സംഭരിച്ച് സൂക്ഷിക്കുക പ്രായോഗികമല്ല

2. ടാങ്കുകളിലും പാത്രങ്ങളിലും നിറച്ചാലും രണ്ട് ദിവസത്തിനപ്പുറം ഉപയോഗിക്കാനാകില്ല

3. മെയിൻ ലൈനിൽ നിന്നുള്ള വിതരണം നിർത്തിയാലും ഓരോ പ്രദേശത്തെയും ട്യൂബ് വെല്ലുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യും

4. കുടിവെള്ള ടാങ്കറുകളുപയോഗിച്ചും രണ്ട് ദിവസം ജലവിതരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായാൽ ബുദ്ധിമുട്ട് കുറച്ചൊക്കെ പരിഹരിക്കാം.

ജല ഉപഭോഗം നിലവിൽ

അമ്പലപ്പുഴ,ചേർത്തല..........185എം.എൽ.ഡി .

വാട്ടർ അതോറിട്ടിയ്ക്ക് ടാങ്കറുകളില്ലാത്തതിനാൽ സ്വന്തം നിലയ്ക്ക് ജലവിതരണം സാദ്ധ്യമല്ല. തദ്ദേശ സ്ഥാപനങ്ങൾ ടാങ്കറുകൾ ലഭ്യമാക്കിയാൽ ആവശ്യമായ വെള്ളം നൽകും

- എക്സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അതോറിട്ടി