കൃഷ്ണൻകുട്ടിയ്ക്ക് ഏകാംഗ ഭവന പദ്ധതി തുണയാകും

Wednesday 18 February 2026 11:43 PM IST

ആലപ്പുഴ: സ്വന്തമായി വീടില്ലാത്തതിനാൽ പൊളിഞ്ഞുവീഴാറായ ഇഷ്ടികച്ചൂളയിൽ കഴിഞ്ഞ പത്തുവർഷമായി അന്തിയുറങ്ങുന്ന വള്ളികുന്നം മുണ്ടിയാലുംവിളയിൽ കൃഷ്ണൻ കുട്ടിയ്ക്ക് (69) ഏകാംഗ കുടുംബത്തിനുള്ള ലൈഫ് ഭവന പദ്ധതി തുണയാകും. അവിവാഹിതനായ കൃഷ്ണ കുട്ടിയ്ക്ക് കുടുംബമില്ലാത്തതിനാലാണ് മുൻ കാലങ്ങളിൽ ലൈഫ് പദ്ധതിയിലുൾപ്പെടുത്താൻ കഴിയാതെ പോയതെന്ന് വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ ഹരിപ്രിയ വെളിപ്പെടുത്തി.

ഏകാംഗ കുടുംബങ്ങൾ ഉൾപ്പെടെ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള ഏത് വ്യക്തിക്കും ലൈഫ് ഭവന പദ്ധതിയ്ക്ക് അപേക്ഷിക്കാമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറക്കിയതോടെ കൃഷ്ണൻകുട്ടിയ്ക്ക് ഏകാംഗ ഭവന പദ്ധതിയുടെ ഗുണഭോക്താവാക്കി വീട് ഉറപ്പാക്കുമെന്ന് വി.ഇ.ഒ അറിയിച്ചു. വീടിനായി മൂന്ന് സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും പ്ളാൻ ഫണ്ടിൽ നിന്നും പണം ലഭിച്ചാലുടൻ വസ്തു എഴുതി നൽകി വീട് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.അനിതയും പറഞ്ഞു. കൃഷ്ണൻകുട്ടിയ്ക്ക് വീടില്ലാത്തത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

വാർത്ത ശ്രദ്ധയിൽപ്പെട്ട് കൃഷ്ണൻകുട്ടിയെ സഹായിക്കാൻ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജുൾപ്പെടെ നിരവധി പേർ തയ്യാറായി വന്നെങ്കിലും വീട് വച്ചുനൽകാൻ ഭൂമിയും അനന്തരാവകാശികളില്ലാത്തതും സ്പോൺസർഷിപ്പിന് തടസമായി. ഈ സാഹചര്യത്തിലാണ് ഏകാംഗ ഭവന പദ്ധതിവഴി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവാക്കി വീടുറപ്പാക്കുമെന്ന് അറിയിച്ചത്.

കൃഷ്ണൻ കുട്ടിയ്ക്ക് വീടിനൊപ്പം ഭക്ഷണക്കിറ്റ് കൂടി ഉറപ്പാക്കും

- സെക്രട്ടറി, വള്ളികുന്നം ഗ്രാമപഞ്ചായത്ത്

അഗതി ആശ്രയ പദ്ധതിയിലുൾപ്പെടെ കൃഷ്ണൻകുട്ടിയ്ക്ക് വീടും മറ്റ് സഹായങ്ങളും ലഭിക്കാതെ പോയതെന്തെന്ന് പരിശോധിച്ച് നടപടിയെടുക്കും. ഏകാംഗ ലൈഫ് ഭവന പദ്ധതിയിൽ വീടുറപ്പാക്കും

-എം.എസ്.അരുൺകുമാർ എം.എൽ.എ