നടി പ്രവീണ ദേശ്പാണ്ഡെ അന്തരിച്ചു
മുംബയ്: മറാഠി, ഹിന്ദി അഭിനയലോകത്തെ സജീവ സാന്നിദ്ധ്യമായിരുന്ന നടി പ്രവീണ ദേശ്പാണ്ഡെ (60) അന്തരിച്ചു. ക്യാൻസർ ബാധിതയായിരുന്നു. മുംബയിലെ അന്ധേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. സിനിമ, ടെലിവിഷൻ സീരിയൽ, നാടകം, വെബ് സീരീസ് എന്നിവയിലായി ദീർഘവും വൈവിദ്ധ്യപൂർണവുമായ കരിയർ പ്രവീണയ്ക്കുണ്ട്. ശക്തമായ സഹകഥാപാത്രങ്ങൾ കൊണ്ട് പേരെടുത്തു. സൽമാൻ ഖാൻ അഭിനയിച്ച റെഡി, സിദ്ധാർത്ഥ് മൽഹോത്രയും ശ്രദ്ധ കപൂറും അഭിനയിച്ച ഏക് വില്ലൻ, ജോൺ എബ്രഹാമിനൊപ്പം പർമാനു: ദി സ്റ്റോറി ഓഫ് പൊഖ്റാൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വൈകാരിക ആഴവും നിശബ്ദ ശക്തിയും പ്രതിഫലിക്കുന്ന പ്രകടനങ്ങളിലൂടെ അഭിനയലോകത്ത് പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ഘർ ഏക് മന്ദിർ, കുംകും, കരം അപ്നാ അപ്നാ, കുൽഫി കുമാർ ബജേവാല തുടങ്ങിയ ജനപ്രിയ ഷോകളിലൂടെ ടെലിവിഷൻ രംഗത്തും പരിചിത മുഖമായി. നാടക നിർമ്മാണങ്ങളിലേക്കും ഡിജിറ്റൽ പ്രോജക്ടുകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇമ്രാൻ ഹാഷ്മി അഭിനയിച്ച തസ്‌കരീ എന്ന വെബ് സീരീസിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. രണ്ട് മക്കളുണ്ട്.