എ.ഐ ദൗത്യത്തിന് കരുത്ത് ഇന്ത്യ- യു.എസ് 'സബ്സീ' പദ്ധതി പ്രഖ്യാപിച്ച് സുന്ദർ പിച്ചൈ
എ.ഐ ഉച്ചകോടി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാജ്യത്തിന്റെ എ.ഐ ദൗത്യത്തിന് കരുത്താകുന്ന ഇന്ത്യ-യു.എസ് സമുദ്രകേബിൾ (സബ്സീ) പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ഭാരത് മണ്ഡപത്തിലെത്തിയപ്പോഴാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിശാഖപട്ടണത്ത് 1500 കോടി ഡോളർ നിക്ഷേപിക്കുന്ന എ.ഐ ഹബ്ബിന്റെ പണിപ്പുരയിലാണിപ്പോൾ ഗൂഗിൾ. ഇതിന് ഊർജ്ജമാകുന്നതാണ് പദ്ധതി. വിശാഖപട്ടണത്ത് ആഗോള സമുദ്ര കേബിൾ ഗേറ്റ്‌വേ സ്ഥാപിക്കും. സമുദ്രത്തിനടിയിലൂടെപോകുന്ന അത്യാധുനിക ഫൈബർ ഒപ്റ്റിക് കേബിളുകൾ മുഖേന ഡേറ്രാ കൈമാറ്റം കാര്യക്ഷമമാക്കാനാണ് ശ്രമം. നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കാൻ നാല് തന്ത്രപരമായ ഫൈബർ ഒപ്റ്റിക്കൽ റൂട്ടുകളും രൂപീകരിക്കും.
ലോകനേതാക്കളെ
സ്വീകരിച്ച് മോദി
മോദി ഇന്ന് ഔദ്യോഗികമായി എ.ഐ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി ഭാരത് മണ്ഡപത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ ഡിസിൽവ, സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രൊ സാഞ്ചേസ്, ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റെരി ഓർപോ, സെർബിയ പ്രസിഡന്റ് അലക്‌സാണ്ടർ വുചിച്ച്,ക്രൊയേഷ്യൻ പ്രധാനമന്ത്രി അൻഡ്രേജ് പ്ലെൻകോവിക്, എസ്റ്റോണിയ പ്രസിഡന്റ് അലാർ കാരിസ് തുടങ്ങിയ നേതാക്കളെ മോദി സ്വാഗതം ചെയ്‌തു. ഇവർക്ക് അത്താഴവിരുന്നൊരുക്കി. നേരത്തേ നേതാക്കളുമായി മോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ മേഖലകളിലെ സഹകരണവും പങ്കാളിത്തവും ചർച്ചയായി.
20 രാഷ്ട്രത്തലവന്മാരും 60ൽപ്പരം രാജ്യങ്ങളിലെ മന്ത്രിതല പ്രതിനിധി സംഘവും എ.ഐ രംഗത്തെ 500ൽപ്പരം വിദഗ്ദ്ധരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡിപ്മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസ്സാബിസ്, അഡോബ് സി.ഇ.ഒ ശാന്തനു നരായെൻ, ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി, ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടങ്ങിയവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാകും.
ഉദ്ഘാടന ചടങ്ങ് രാവിലെ 9.40ന്
11ന് മോദി ലോകനേതാക്കൾക്കൊപ്പം വിവിധ പവലിയനുകൾ സന്ദർശിക്കും
12 ഓടെ പ്ലീനറി സെഷൻ
വൈകിട്ട് 5.30ന് ആഗോള ടെക് കമ്പനികളുടെ അതികായർ പങ്കെടുക്കുന്ന സി.ഇ.ഒ റൗണ്ട് ടേബിൾ