അജിത് പവാറിന്റെ മരണം, മന്ത്രി രാജി വയ്ക്കണമെന്ന് രോഹിത് പവാർ‌

Thursday 19 February 2026 12:29 AM IST

മുംബയ്: അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻ.സി.പി (എസ്.പി) നേതാവ് രോഹിത് പവാർ. അജിത്തിന്റെ അനന്തരവനാണ് രോഹിത്. ചാർട്ടർ കമ്പനിയായ വി.എസ്.ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തിൽ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു. അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും ആവശ്യപ്പെട്ടു.

വിമാനാപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പലയിടങ്ങളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുനേത്ര

സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.പി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. ഉപമുഖ്യമന്ത്രിയും അജിത്തിന്റെ ഭാര്യയുമായ സുനേത്ര പവാർ, എൻ.സി.പിയുടെ മുതിർന്ന നേതാക്കൾ എന്നിവരാണ് ഫഡ്നാവിസിനെ കണ്ടത്. ജനുവരി 28നാണ് ബാരാമതിയിൽ അടിയന്തര ലാൻഡിംഗിന് ശ്രമിക്കവേ അജിത്തും സംഘവും സഞ്ചരിച്ച വിമാനം തകർന്നുവീണത്.