'കേരളകൗമുദി' പരമ്പരയിൽ മേയറുടെ ഉറപ്പ് സ്ത്രീ സൗഹൃദ നഗരമാക്കും

Thursday 19 February 2026 2:44 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ സ്ത്രീസൗഹൃദ നഗരമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കുമെന്ന് മേയർ വി.വി.രാജേഷ്. 'കേരളകൗമുദി' പ്രസിദ്ധീകരിച്ച 'പേരിൽ മാത്രം സ്ത്രീ സൗഹൃദം' എന്ന പരമ്പരയിൽ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷീ-ടോയ്ലെറ്റ് ഉൾപ്പെടെ സ്ത്രീകൾക്ക് ടോയ്‌ലെറ്റ് സൗകര്യം വർദ്ധിപ്പിക്കും. നഗരസഭയുടെ ബഡ്‌ജ‌റ്റിൽ ഇതിനുള്ള പദ്ധതി പ്രഖ്യാപിക്കും. നിലവിൽ അടഞ്ഞുകിടക്കുന്ന ഷീ-ടോയ്ലെറ്രുകളിൽ കേടായവ നന്നാക്കുമെന്നും വൃത്തിയുള്ളതാക്കി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിന് കോർപ്പറേഷൻ അഭയകേന്ദ്രങ്ങളുണ്ടാക്കും. ഓരോയിടത്തും അമ്പതുപേർക്കെങ്കിലും താമസിക്കാൻ സൗകര്യമൊരുക്കും.

നഗരസഭയുടെ നിരവധി കെട്ടിടങ്ങൾ ഉപയോഗശൂന്യമായി ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇവിടങ്ങളിൽ സ്ത്രീകൾക്കായി ഡോർമെറ്ററി സംവിധാനമൊരുക്കും. പരീക്ഷകൾ,​ഇന്റർവ്യൂ എന്നിവയ്‌ക്കായി തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് നിലവിൽ സുരക്ഷിതമായ താമസത്തിന് സൗകര്യമില്ലെന്ന് 'കേരളകൗമുദി' പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാത്രികാല ബസ് സർവീസ് വർദ്ധിപ്പിക്കും

-----------------------------------------------------------------

രാത്രികാലത്ത് നഗരത്തിൽ ബസ് സർവീസ് കൂട്ടുന്നതിന് കെ.എസ്.ആർ.ടി.സിയുമായി ചർച്ച നടത്തുമെന്ന് മേയർ വ്യക്തമാക്കി. നഗരസഭയ്ക്ക് ലഭിച്ച സ്‌മാർട്ട്സിറ്റി ബസുകൾ നിലവിൽ കെ.എസ്.ആർ.ടി.സിയാണ് ഓടിക്കുന്നത്. അവരുമായി ചർച്ച നടത്തി സർവീസുകൾ നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വിപുലീകരിക്കും. കരാർ പ്രകാരം ഇതിനുള്ള നിർദ്ദേശം നൽകാൻ നഗരസഭയ്ക്ക് അധികാരമുണ്ട്. ട്രെയിനുകളെത്തുമ്പോൾ കൊച്ചുവേളിയിൽ നിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്താനും ആവശ്യപ്പെടും. ഷീ ഓട്ടോ സംവിധാനം നിലച്ചതിനെക്കുറിച്ച് പരിശോധിച്ച് പുനഃസ്ഥാപിക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌‌നങ്ങൾ പരിഹരിക്കും

----------------------------------------

താമസിക്കാൻ അഭയകേന്ദ്രങ്ങളൊരുക്കും

ഷീ-ടോയ്ലെറ്റ് ഉൾപ്പെടെ ടോയ്‌ലെറ്റ് സൗകര്യം വർദ്ധിപ്പിക്കും

രാത്രികാലത്ത് നഗരത്തിൽ ബസ് സർവീസ് കൂട്ടും

ഷീ ഓട്ടോ പുനഃസ്ഥാപിക്കും

കൊച്ചുവേളിയിൽ നിന്ന് കൂടുതൽ ബസുകൾ

''കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പര വായിച്ചപ്പോഴാണ് നഗരത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ

പൂർണമായി ശ്രദ്ധയിൽപ്പെട്ടത്. എല്ലാത്തിനെക്കുറിച്ചും വിശദമായി പഠിച്ച് പരിഹാരമുണ്ടാക്കും.''

വി.വി.രാജേഷ്,മേയർ