രാവിലെ ബ്യൂട്ടീഷൻ, രാത്രി ലഹരിവില്പന; കോഴിക്കോട്ട് ദമ്പതികൾ  പിടിയിൽ

Thursday 19 February 2026 7:17 AM IST

കോഴിക്കോട്: ലഹരിമരുന്ന് വില്പന നടത്തിയ ദമ്പതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി 'കുമാരി'യെന്ന അരുൺ പിടിയിലായ കേസിൽ നടത്തിയ ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.

ഇടപാടുകാരായ യുവാക്കൾക്കിടയിൽ 'ഡോൺ' എന്നാണ് ഇർഫാൻ അറിയപ്പെടുന്നത്. രാത്രി മാത്രം പുറത്തിറങ്ങി വില്പന നടത്തുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നത്. ഒപ്പം ഭാര്യയും ഉണ്ടാകും. ഭാര്യയുടെ അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ബ്യൂട്ടീഷനായി രാവിലെ ജോലിചെയ്യുന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം. വ്യാജ ഐഡി കാർഡുകളും പത്ത് മൊബെെൽ നമ്പരുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. ആറോളം വാഹനങ്ങളും ഇർഫാൻ ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.