'ഞങ്ങൾക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം'; ദളിത് കുടുംബങ്ങൾക്ക് നേരെ ജാതി വിവേചനം

Thursday 19 February 2026 10:36 AM IST

ബലാംഗിർ: ദളിത് വിഭാഗം താമസിക്കുന്ന ഗ്രാമത്തിൽ കുടിവെള്ളവും വൈദ്യുതിയും മനഃപൂർവ്വം തടസപ്പെടുത്തിയെന്ന് പരാതി. ജാതി വിവേചനത്തിന്റെ ഭാഗമായാണ് തങ്ങൾക്കെതിരെ ഇത്തരമൊരു നടപടിയുണ്ടായതെന്ന് താമസക്കാർ ആരോപിക്കുന്നു. ഒഡീഷയിലെ ബലാംഗിറിലാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെത്തെ ജലവിതരണം മുടങ്ങിയതായും സ്‌‌ട്രീറ്റ് ലൈറ്റുകൾ അണച്ചതായും താമസക്കാർ പറയുന്നത്. ഗ്രാമത്തിലെ മറ്റ് വിഭാഗങ്ങൾക്ക് തടസമില്ലാതെ വെള്ളവും വെളിച്ചവും ലഭിക്കുമ്പോൾ തങ്ങളെ മാത്രം സർക്കാർ ഇരുട്ടിലാക്കിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.

കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണെന്നും തെരുവുകൾ ഇരുട്ടിലായതോടെ സുരക്ഷാ ഭീഷണിയുണ്ടെന്നും ഗ്രാമത്തിലെ സ്ത്രീകൾ പരാതിപ്പെട്ടു. തങ്ങൾക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. മേഖലയിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പ്രദേശം ഇരുട്ടിലാണ്. വാഗ്ദാനങ്ങൾ നൽകിയതല്ലാതെ കുടിവെള്ളം എത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഗ്രാമവാസികൾ പറയുന്നു. സംഭവത്തിൽ ഉടൻ തന്നെ അധികൃതർ ഗ്രാമം സന്ദർശിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കന്താബഞ്ചി തഹസിൽദാർ ബിശ്‌‌നാഥ് ഖൽഖോ ഉറപ്പുനൽകി.